മമതയ്ക്ക് ബിജെപിയെ പേടി; ബിജെപിയുടെ ഭാഷയിൽ സംസാരിക്കുന്നു: ബംഗാൾ കോൺഗ്രസ്
ഈ വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 40 സീറ്റുപോലും നേടില്ലെന്ന തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജിയുടെ പരാമര്‍ശത്തോട് രൂക്ഷവിമര്‍ശനവുമായി കോൺഗ്രസ് സംസ്ഥാന നേതൃത്വം. എന്തുകൊണ്ടാണ് ബി.ജെ.പിയുടെ ഭാഷയില്‍ മമത സംസാരിക്കുന്നതെന്നും മമതയ്ക്ക് ബി.ജെ.പിയെ പേടിയാണെന്നും ന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് വിജയിക്കണമെന്ന് ബി.ജെ.പിയോ മമത ബാനര്‍ജിയോ ആഗ്രഹിക്കുന്നില്ല. പ്രതിപക്ഷ ഇന്ത്യ സഖ്യത്തിലെ നേതാവ് തന്നെ ഇത്തരത്തിൽ പറയുന്നത് ദൗര്‍ഭാഗ്യകരമാണ്. മമത സ്വന്തം താത്പര്യപ്രകാരമാണ് ഇന്ത്യ സഖ്യത്തില്‍ ചേര്‍ന്നത്. ബി.ജെ.പിയെ പേടിച്ചിട്ടാണ് അവര്‍ നിലപാട് മാറ്റുന്നതെന്നും അധീര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു.
രാജ്യത്ത് കോണ്‍ഗ്രസ് തീര്‍ന്നെന്ന് ബി.ജെ.പി. പറയുന്നു. അതിനെ അനുകരിച്ച് കോണ്‍ഗ്രസിന് 40 സീറ്റുപോലും ലഭിക്കില്ലെന്ന് മമത ബാനര്‍ജിയും പറയുന്നു. കോണ്‍ഗ്രസിന്റേത് പ്രീണനരാഷ്ട്രീയമാണെന്ന് ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും പറയുന്നു. മമതയും ഇത് തന്നെയാണ് പറയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.