മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മമതയെ നീക്കണം; അഭിഭാഷകനെതിരെ രൂക്ഷ വിമർശനവുമായി ചീഫ് ജസ്റ്റിസ്
പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മമത ബാനർജിയെ നീക്കം ചെയ്യാൻ കോടതിയുടെ നിർദേശം തേടിയ അഭിഭാഷകനെതിരെ രൂക്ഷ വിമർശനവുമായി ചീഫ് ജസ്റ്റിസ്. കോടതി നടത്തിയ പരാമർശങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ആദ്യം കോടതിയിൽ നിന്ന് നിങ്ങളെ പുറത്താക്കേണ്ടിവരുമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം.
കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ സ്വമേധയാ എടുത്ത കേസിൽ വാദം കേൾക്കുകയായിരുന്നു സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിലാണ് മുഖ്യമന്ത്രി രാജി വെക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടത്.
കേസിലെ വാദം പൂർത്തിയാകാനിരിക്കെ മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ട് ഇടക്കാല അപേക്ഷ ഫയൽ ചെയ്യാൻ അഭിഭാഷകൻ ശ്രമിച്ചിരുന്നു. ഈ അപേക്ഷയിലെ രാഷ്ട്രീയ താത്പര്യത്തെ കുറിച്ച് പരാമർശിച്ച കോടതി വിഷയത്തിൽ അതൃപ്തിയും അറിയിക്കുകയായിരുന്നു . നിങ്ങൾ ആർക്കുവേണ്ടിയാണ് വാദിക്കുന്നത്? ഇതൊരു രാഷ്ട്രീയ വേദിയല്ല. നിങ്ങൾ ബാർ അംഗമാണെന്നത് ഓർമ വേണം. ഞങ്ങൾ എന്ത് പറയുന്നു എന്നതിന് നിങ്ങളുടെ അംഗീകാരം ആവശ്യമില്ല.
നിങ്ങൾ പറയുന്ന കാര്യങ്ങൾ നിയമപരമായ അച്ചടക്കം പാലിച്ചിരിക്കണം. എതെങ്കിലുമൊരു രാഷ്ട്രീയ പ്രവർത്തകനോ പ്രസ്ഥാനത്തിനോ എതിരെ നിങ്ങൾക്ക് പറയാനുള്ളത് കേൾക്കാനല്ല കോടതിയുള്ളത്. അത് ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല, ഡി വൈ ചന്ദ്രചൂഢ് പറഞ്ഞു.