ബ്രഹ്മപുരത്തെ ജനങ്ങള്‍ക്ക് വൈദ്യസഹായവുമായി മമ്മൂട്ടി
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടുത്തത്തിന്റെ ഭാഗമായുണ്ടായ പുകയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന പരിസരപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വൈദ്യസഹായവുമായി നടൻ മമ്മൂട്ടി.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍, ആലുവ രാജഗിരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘവുമായി ചേര്‍ന്നാണ് നാളെ മുതല്‍ സൗജന്യ പരിശോധനയ്ക്ക് തുടക്കം കുറിക്കുന്നത്.
തീ അണച്ചശേഷമുള്ള പുക ഏറ്റവും കൂടുതല്‍ വ്യാപിച്ച പ്രദേശങ്ങളില്‍ മരുന്നുകളും ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഉള്‍പ്പെടെയുള്ളവയുമായി സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റ് പര്യടനം നടത്തും. ആദ്യ ഘട്ടത്തിൽ നാളെ വടവുകോട്-പുത്തന്‍കുരിശ് പഞ്ചായത്തിലെ ഒന്നാംവാര്‍ഡായ ബ്രഹ്മപുരത്താണ് വൈദ്യസംഘത്തിന്റെ പരിശോധന.
ബുധനാഴ്ച ദിവസം കുന്നത്തുനാട് പഞ്ചായത്തിലെ പിണര്‍മുണ്ടയിലും വ്യാഴാഴ്ച തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ വടക്കേഇരുമ്പനം പ്രദേശത്തും പരിശോധനയുണ്ടാകും. വിദഗ്ധ പരിശോധനയ്ക്കുള്ള സജ്ജീകരണങ്ങളൊരുക്കിയ വാഹനം വീടുകള്‍ക്കരികിലെത്തും. ഇതില്‍ ഡോക്ടറും നഴ്സുമുണ്ടാകും.
ആവശ്യമായവർക്ക് മരുന്നുകളും കൂടുതൽ ആവശ്യമുള്ളവര്‍ക്ക് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും സൗജന്യമായി നല്‍കും. ഡോ.ബിജു രാഘവന്റെ നേതൃത്വത്തിലാണ് സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം. ഇവയില്‍ നിന്ന് ലഭിക്കുന്ന പരിശോധന വിവരങ്ങള്‍ വിലയിരുത്താന്‍ ആശുപത്രിയില്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ.സണ്ണി.പി.ഓരത്തെല്‍, ശ്വാസകോശ വിഭാഗത്തിലെ ഡോ.വി.രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്.