മമ്മൂട്ടി എടുത്ത പക്ഷിയുടെ ഫോട്ടോ ലേലത്തില്‍ വിറ്റു; ലഭിച്ചത് മൂന്ന് ലക്ഷം രൂപ
നടൻ മമ്മൂട്ടി എടുത്ത പക്ഷിയുടെ ഫോട്ടോ ലേലത്തില്‍ വിറ്റു. മൂന്ന് ലക്ഷം രൂപയാണ് ലഭിച്ചത്. പക്ഷി നിരീക്ഷകനായിരുന്ന ഇന്ദുചൂഡന്‍റെ സ്‍മരണാര്‍ഥമുള്ള സംഘടനയുടെ ധനസമാഹരണത്തിന് വേണ്ടി ലേലത്തില്‍ വച്ച ചിത്രം ഉളളാട്ടില്‍ അച്ചുവാണ് നേടിയത്.
ഒരു പ്രവാസി വ്യവസായിയാണ് ഉള്ളാട്ടില്‍ അച്ചു. മമ്മൂട്ടി പകര്‍ത്തിയ നാട്ടുബുള്‍ബുളിന്‍റെ ചിത്രം വാങ്ങാൻ ലേലത്തില്‍ രണ്ടാളുണ്ടായിരുന്നു. മമ്മൂട്ടിയുടെ പരിചയക്കാരന്‍ ഫയാസ് മുഹമ്മദും, പ്രവാസി വ്യവസായി അച്ചു ഉളളാട്ടിലും. ഫയാസ് നേരിട്ടെത്തി. ആശുപത്രി കിടക്കയില്‍ നിന്ന് അച്ചു കൂട്ടുകാരന്‍ രാമചന്ദ്രന്‍ വഴിയും ലേലത്തില്‍ പങ്കെടുത്തു.
ഒരു ലക്ഷത്തില്‍ നിന്ന് ലേലം വിളി രണ്ടു ലക്ഷവും രണ്ടര ലക്ഷവും കടന്ന് മൂന്നിലെത്തിയപ്പോള്‍ ഫയാസ് പിന്‍വാങ്ങി. മമ്മൂട്ടി എടുത്ത ആ പക്ഷി ചിത്രം അച്ചുവിന് ലഭിച്ചു. നല്ല കാശെറിഞ്ഞ് നേടിയ ആ ചിത്രം കോഴിക്കോട് ആരംഭിക്കാൻ പോകുന്ന പഞ്ചനക്ഷത്ര ഹോട്ടലിന്‍റെ സ്വീകരണമുറിയില്‍ വയ്ക്കാനാണ് അച്ചുവിന്‍റെ തീരുമാനം.