ഇന്ത്യയുടെ രാഷ്ട്രപതിയായി നിയമിക്കണമെന്ന് ആവശ്യം; യുവാവിന്റെ ഹർജി തള്ളി സുപ്രീം കോടതി

single-img
22 October 2022

തന്നെ ഇന്ത്യയുടെ രാഷ്ട്രപതിയായി നിയമിക്കണമെന്ന ആവശ്യവുമായി ഒരു യുവാവ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. കിഷോർ ജഗന്നാഥ് സാവന്ത് എന്ന യുവാവിന്റെ ഹർജി പരിഗണിച്ച കോടതി ഇത് ബാലിശമായ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഹർജി തള്ളി.

കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതായി അഭിപ്രായപ്പെട്ട കോടതി ഭാവിയിൽ ഇതുപോലെയുള്ള വിഷയവുമായി ബന്ധപ്പെട്ട് ഈ വ്യക്തിയുടെ കൂടുതൽ ഹർജികൾ പരിഗണിക്കരുതെന്ന് രജിസ്ട്രാർക്ക് കോടതി നിർദ്ദേശവും നൽകി.

രാജ്യത്തെ അവസാന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തന്നെ അനുവദിച്ചിരുന്നില്ലെന്നാണ് കോടതിയിൽ നേരിട്ട് ഹാജരായ ഹർജിക്കാരനായ സാവന്ത് പറയുന്നത് . ഇന്ത്യയിലെ പൗരനെന്ന നിലയിൽ സർക്കാരിന്റെ നയങ്ങളെയും നടപടി ക്രമങ്ങളെയും വിമർശിക്കാൻ തനിക്ക് അവകാശമുണ്ടെന്നും യുവാവ് ഹർജിയിൽ പറഞ്ഞു.

മാത്രമല്ല, താൻ മുന്നോട്ടുവെക്കുന്ന തന്റെ കേസ് “രാജ്യത്തെ ജനാധിപത്യ ഭരണഘടനയുടെ അടിസ്ഥാന ധാർമ്മികതയെ പുനർനിർവചിക്കുമെന്നും” കോടതിയിൽ ഹർജിക്കാരൻ അവകാശപ്പെട്ടു. എന്നാൽ ഇത് കോടതി നടപടിക്രമങ്ങൾ ദുരുപയോഗം ചെയ്യലാണെന്ന് ഡി വൈ ചന്ദ്രചൂഡും ഹിമ കോഹ്‌ലിയും ഉൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ ഭരണഘടനയ്ക്ക് എതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ രേഖകളിൽ നിന്ന് നീക്കം ചെയ്യാനും കോടതി ആവശ്യപ്പെട്ടു. അതേസമയം, യുവാവ് നൽകിയിരിക്കുന്ന ഹർജിയിൽ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത് മൂന്നു കാര്യങ്ങളായിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ തർക്കമില്ലാത്ത സ്ഥാനാർത്ഥിയായി തന്നെ പരിഗണിക്കണം, ഇന്ത്യൻ പ്രസിഡന്റായി നിയമിക്കുന്നതിനുള്ള നിർദ്ദേശം കോടതി നൽകണം, 2004 മുതൽ രാഷ്ട്രപതിക്ക് നൽകേണ്ട ശമ്പളവും ആനുകൂല്യങ്ങളും തനിയ്ക്ക് നൽകണം എന്നിവയായിരുന്നു അത്.