വീണ്ടും കസ്റ്റഡി മരണം? വാഹനപരിശോധനയ്ക്കിടെ പിടികൂടിയ ബൈക്ക് യാത്രികന്റെ മരണത്തിൽ ദുരൂഹത


തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് വാഹനപരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്തയാൾ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കളും നാട്ടുകാരും. ഇരുമ്പനം കർഷക കോളനിയിൽ ചാത്തൻവേലിൽ രഘുവരന്റെ മകൻ മനോഹരൻ (52) ആണ് മരണപ്പെട്ടത്.
രാത്രി ഒൻപതു മണിയോടെ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണ മനോഹരനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കെട്ടിട നിർമ്മാണ തൊഴിലാളിയായ ഇയാൾ വാഹന പരിശോധനയ്ക്കിടെ ബൈക്ക് മുന്നോട്ട് നീക്കിയാണ് നിർത്തിയത്. ഇതിൽ പ്രകോപിതരായ പൊലീസുകാർ മനോഹരന്റെ മുഖത്ത് മർദ്ദിച്ചുവെന്നാണ് സംഭവത്തിന് ദൃക്സാക്ഷികളായ നാട്ടുകാർ പറയുന്നത്. ‘കൈകാണിച്ചാൽ നിനക്കെന്താടാ വണ്ടി നിർത്തിക്കൂടെ’ എന്നു ചോദിച്ചായിരുന്നു മർദ്ദനമെന്നും പറയുന്നു. തുടർന്ന് പൊലീസ് ജീപ്പിൽവച്ചും പൊലീസുകാർ മനോഹരനെ മർദ്ദിച്ചതായാണ് ആരോപണം ഉണ്ട്.
ജീപ്പിൽ സ്റ്റേഷനിലെത്തിച്ച മനോഹരൻ കുഴഞ്ഞുവീണെന്നാണ് പൊലീസ് ഭാഷ്യം. ഉടൻ ജീപ്പിൽ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്നും ആംബുലൻസിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്നാണ് പോലീസ് പറയുന്നത്.