സിഐടിയു ഓഫീസിലെ മുറിയിൽ കയറി വാതിലടച്ച് യുവാവ് തൂങ്ങിമരിച്ചു
തൃശൂർ ജില്ലയിലെ അന്തിക്കാട് സിഐടിയു ഓഫീസിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ജില്ലയിലെ കാഞ്ഞാണി സ്വദേശിയും ആർട്ടിസ്റ്റുമായ സതീഷ്‍ലാൽ (ലാലപ്പൻ കാഞ്ഞാണി- 43) ആണ് മരിച്ചത്. അന്തിക്കാട് ആലിന് കിഴക്കുള്ള സിഐടിയു ഓഫീസിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് സതീഷ്‍ലാലിനെ കണ്ടെത്തിയത്.
ഇന്ന് ഉച്ചയ്ക്ക് ശേഷം യൂണിയൻ ഓഫീസിലെത്തിയ ഇയാൾ വെള്ളം വാങ്ങിക്കുടിക്കുകയും പാർട്ടി പ്രവർത്തകരുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇടക്ക് മുറിയിൽ കയറി വാതിൽ അടക്കുകയായിരുന്നു. കുറെ നേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാതെ വന്നതോടെ ജനൽ തുറന്നു നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ഉടൻ അന്തിക്കാട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വൈകുന്നേരം അഞ്ചരയോടെ മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരണത്തിന് ഇടയാക്കിയ കാരണം വ്യക്തമല്ല. വെള്ളേംതടം വലിയപറമ്പിൽ ചാത്തുവിന്റെയും അംബുജാക്ഷിയുടെയും മകനാണ് സതീഷ്‍ലാൽ. അവിവാഹിതനാണ്.
( മുന്നറിയിപ്പ്: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങള്‍ ഒറ്റയ്ക്കല്ല. സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ; ദിശ ഹെല്‍പ്പ്‍ലൈന്‍ – 1056 (ടോള്‍ ഫ്രീ)