വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; പ്രതിയെ ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു
നവംബർ 26 ന് ന്യൂയോർക്ക്-ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ വെച്ച് സഹയാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി ശങ്കർ മിശ്രയെ ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു. ഡൽഹി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
നേരത്തെ ഇയാളുടെ ടവർ ലൊക്കേഷൻ പരിശോധിച്ച പൊലീസിന് ഇയാൾ ബെംഗളൂരുവിലുണ്ടെന്ന് സൂചന ലഭിച്ചിരുന്നു. തുടർന്ന് ഡൽഹി പോലീസ് കർണാടകയിലെ ബെംഗളൂരുവിൽ ഒരു സംഘത്തെ വിന്യസിച്ചിരുന്നു.
നവംബർ 26 ന് ന്യൂയോർക്ക്-ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ ശങ്കര് മിശ്ര തന്റെ പാന്റ് സിപ്പ് അഴിക്കുകയും ബിസിനസ് ക്ലാസിലെ പ്രായമായ സ്ത്രീയുടെ മേൽ മൂത്രമൊഴിക്കുകയും ചെയ്തിരുന്നു. ഇത് തന്റെ ഭാര്യയെയും കുട്ടിയെയും ബാധിക്കുമെന്ന് പറഞ്ഞ് പോലീസിൽ പരാതിപ്പെടരുതെന്ന് അയാൾ പിന്നീട് സ്ത്രീയോട് അപേക്ഷിച്ചു. എന്നാൽ നിയമനടപടിയുമായി മുന്നോട്ടുപോകാൻ സ്ത്രീ തീരുമാനിച്ചതോടെ സംഭവം പുറത്തറിഞ്ഞു. പരാതിക്ക് പിന്നാലെ എയർ ഇന്ത്യ ശങ്കര് മിശ്രയെ 30 ദിവസത്തേക്ക് വിമാനയാത്രയിൽ നിന്ന് വിലക്കി. സംഭവം കൈകാര്യം ചെയ്ത ജീവനക്കാരോട് വിശദീകരണം തേടുകയും അന്വേഷണത്തിന് ആഭ്യന്തര സമിതിയെ നിയോഗിക്കുകയും ചെയ്തു.