രാമക്ഷേത്ര പ്രതിഷ്ഠാ ദിനം; രാംലീല നാടകത്തിനിടെ ഹനുമാന്‍റെ വേഷമിട്ടയാൾ വേദിയിൽ കുഴഞ്ഞ് വീണ് മരിച്ചു

single-img
23 January 2024

കഴിഞ്ഞ ദിവസം അയോധ്യയിൽ നടന്ന രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് ഹരിയാനയിൽ രാംലീല നാടകം കളിക്കുന്നതിനിടെ ഹനുമാന്‍റെ വേഷമിട്ടയാൾ വേദിയിൽ കുഴഞ്ഞ് വീണ് മരിച്ചു. സംസ്ഥാനത്തെ ഭിവാനിയിൽ നടന്ന നാടകത്തിനിടെയാണ് ഹനുമാൻ വേഷമിട്ട ഹരീഷ് മേത്ത എന്ന ആർട്ടിസ്റ്റ് കുഴഞ്ഞുവീണ് മരണപ്പെട്ടത്. ഹൃദയാഘാതം കാരണമാണ് ഹരീഷ് മേത്ത മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

ഹരിയാനയിലെ വൈദ്യുതി വകുപ്പിൽ എഞ്ചിനീയറായി ജോലിചെയ്ത് വിരമിച്ചയാളാണ് ഹരീഷ് മേത്ത. കലാകാരൻ കൂടിയായിരുന്ന ഹരീഷ് കഴിഞ്ഞ 25 വർഷമായി ഹനുമാൻ ആയി നാടകങ്ങളിൽ വേഷമിട്ടിരുന്നു. കഴിഞ്ഞ ദിവസം നാടകം അവതരിപ്പിക്കുന്നതിനിടെ ഹരീഷ് ഹൃദായാഘതം മൂലം കുഴഞ്ഞ് വീഴുകയായിരുന്നു. .

സംഭവ സമയം വേദിയിലുണ്ടായിരുന്നവർ കരുതിയത് ഇത് നാടകത്തിന്‍റെ ഭാഗമായി ആണെന്നാണ്. ഹരീഷ് ഏറെ നേരം ചലനമില്ലാതെ കിടന്നതോടെയാണ് അപകടം സംഭവിച്ചതാണെന്ന് സഹതാരങ്ങൾ മനസിലാക്കുന്നത്. ഉടൻ തന്നെ ഹരീഷിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിലെത്തുമ്പോഴേക്കും മരണപ്പെട്ടിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.