പ്രണയ വിവാഹങ്ങളിൽ മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കൽ; ഭരണഘടനാ സാധ്യതകൾ പരിശോധിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി
പ്രണയ വിവാഹങ്ങളിൽ മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കാൻ രാജ്യത്തെ ഭരണഘടനയുടെ പരിധിക്കുള്ളിൽ നിന്നുകൊണ്ടുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ . കഴിഞ്ഞ ദിവസം മെഹ്‌സാന ജില്ലയിലെ നുഗർ ഗ്രാമത്തിലെ വിദ്യാർത്ഥികളെ അനുമോദിക്കാൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇവിടേക്ക് ഞാൻ വരുമ്പോൾ പെൺകുട്ടികൾ ഒളിച്ചോടുന്ന സംഭവങ്ങൾ പരിശോധിക്കണമെന്നും ഇതിന്റെ എല്ലാ വശങ്ങളെക്കുറിച്ചും ഒരു പഠനം നടത്തണമെന്നും നമ്മുടെ ആരോഗ്യമന്ത്രി ഋഷികേശ്ഭായ് പട്ടേൽ എന്നോട് പറഞ്ഞു. പ്രണയവിവാഹത്തിൽ മാതാപിതാക്കളുടെ സമ്മതം ഉറപ്പാക്കാൻ എന്തെങ്കിലും ചെയ്യാമെന്ന് ഞാൻ ഉറപ്പുനൽകി. അതിനായി ഞങ്ങൾ പഠനം നടത്തും’, അദ്ദേഹം കൂട്ടിച്ചേർത്തു.
2015-ൽ ഗുജറാത്തിൽ സമുദായ സംവരണ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ പാട്ടിദാർ സംഘടനയായ സർദാർ പട്ടേൽ ഗ്രൂപ്പാണ് (എസ്.പി.ജി) പരിപാടി സംഘടിപ്പിച്ചത്. മുൻ ഉപമുഖ്യമന്ത്രിയായ നിതിൻ പട്ടേൽ ഉൾപ്പെടെ നിരവധി പാട്ടിദാർ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തിരുന്നു.