ട്രക്കുകളിലെ ഡ്രൈവർ ക്യാബിനുകളിൽ എയർകണ്ടീഷൻ നിർബന്ധം: നിതിൻ ഗഡ്‌കരി
രാജ്യത്തുള്ള ട്രക്കുകൾ പോലുള്ള വാണിജ്യ വാഹനങ്ങൾക്ക് നിർബന്ധിത ഫീച്ചറായി ഉടൻ തന്നെ എയർ കണ്ടീഷനിംഗ് വരുന്നു. ദീർഘദൂര യാത്ര ചെയ്യുന്ന ഇന്ത്യയിലെ വാണിജ്യ വാഹന ഡ്രൈവർമാരെ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരിയാണ് ഈ കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയുടെ കാലാവസ്ഥയിൽ ട്രക്ക് ഡ്രൈവർമാർ കടുത്ത ചൂടിൽ ജോലി ചെയ്യാൻ നിർബന്ധിതരാണെന്ന് കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ സംസാരിക്കുന്നതിനിടെ നിതിൻ ഗഡ്‍കരി പറഞ്ഞു. ട്രക്ക് ഡ്രൈവർമാർക്കായി എയർകണ്ടീഷൻ ചെയ്‍ത ക്യാബിനുകൾ വേണമെന്ന് താൻ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് ചെലവ് വർധിപ്പിക്കുമെന്ന് പറഞ്ഞ് ചിലർ ഇതിനെ എതിർത്തിരുന്നു. എങ്കിലും ട്രക്കുകളിലെ ഡ്രൈവർ ക്യാബിനുകൾ എയർകണ്ടീഷൻ ചെയ്യണമെന്ന ഫയലിൽ താൻ ഒപ്പുവച്ചുകഴിഞ്ഞതായും നിതിൻ ഗഡ്‍കരി അറിയിച്ചു.
രാജ്യത്തെ ട്രക്ക് ഡ്രൈവർമാർക്ക് കൂടുതൽ അനുകൂലമായ തൊഴിൽ സാഹചര്യം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഗഡ്‍കരി ഊന്നിപ്പറഞ്ഞു. ഗതാഗത മേഖല കൂടുതൽ സജീവമാക്കുന്നതിന് ഡ്രൈവർമാരുടെ കുറവ് പരിഹരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഗതാഗത മേഖലയിൽ കൂടുതൽ വൈദഗ്ധ്യമുള്ള തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിന് രാജ്യത്തുടനീളം കൂടുതൽ ഡ്രൈവിംഗ് സ്കൂളുകൾ സ്ഥാപിക്കേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
നിലവിൽ, ഒരു ട്രക്ക് ഡ്രൈവർ സാധാരണയായി ദിവസവും 15 മണിക്കൂർ തുടർച്ചയായി ഡ്രൈവ് ചെയ്യുന്നു. ഇത് അവന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നു. മറ്റ് രാജ്യങ്ങളിലേതുപോലെ ഡ്രൈവർമാരുടെ ജോലി സമയം ഉടൻ നിശ്ചയിക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം.
ബുദ്ധിമുട്ടേറിയ തൊഴിൽ സാഹചര്യങ്ങളും അതിദീർഘമായ സമയം റോഡിൽ ചെലവഴിക്കേണ്ടി വരുന്നതും ഡ്രൈവർമാരുടെ ക്ഷീണത്തിനും അതുവഴി അപകടങ്ങൾക്കും കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. 43-47 ഡിഗ്രി ചൂടിൽ 12-14 മണിക്കൂർ തുടർച്ചയായി വാഹനം ഓടിക്കേണ്ടി വരുന്ന ഡ്രൈവർമാർക്കായി എസി ക്യാബിൻ നിർബന്ധമാക്കാൻ താൻ മന്ത്രിയായ സമയം മുതൽ ശ്രമിക്കുന്നുണ്ടെന്നും ഗഡ്‍കരി പറയുന്നു. 2016ലാണ് റോഡ് ഗതാഗത മന്ത്രാലയം ഇത്തരമൊരു നിര്‍ദ്ദേശം ആദ്യമായി മുന്നോട്ടുവച്ചത്. എന്നാൽ ട്രക്കുകളുടെ വില കൂടുമെന്ന് പറഞ്ഞ് ചിലർ എതിർത്തു.
ഇന്ത്യയുടെ കയറ്റുമതി വർദ്ധിപ്പിക്കുന്നതിന് ലോജിസ്റ്റിക്‌സിന്റെ ചെലവ് കുറയ്ക്കേണ്ടതിന്റെ ആവശ്യകതയും ഗഡ്‍കരിരി വ്യക്തമാക്കി. “ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഞങ്ങളുടെ ലോജിസ്റ്റിക്സ് ചെലവ് 14-16 ശതമാനമാണ്. ചൈനയിൽ ഇത് 8-10 ശതമാനമാണ്, യൂറോപ്യൻ രാജ്യങ്ങളിലും യുഎസിലും ഇത് 12 ശതമാനമാണ്. കയറ്റുമതി വർദ്ധിപ്പിക്കണമെങ്കിൽ. ലോജിസ്റ്റിക്‌സ് ചെലവ് കുറയ്ക്കണം..” ഗഡ്കരി പറഞ്ഞു.