മണിമല വാഹനാപകടം; കാര്‍ ഓടിച്ചത് ജോസ് കെ മാണിയുടെ മകനാണെന്ന് വ്യക്തമായതോടെ രാഷ്ട്രീയമാനം നല്‍കാന്‍ ശ്രമം
ശനിയാഴ്ച മണിമലയില്‍ രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍പെട്ട കാര്‍ ഓടിച്ചത് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ മകനാണെന്ന് വ്യക്തമായതോടെ അപകടത്തിന് രാഷ്ട്രീയമാനം നല്‍കാന്‍ കൊണ്ടുപിടിച്ച ശ്രമം.
മണിമലയില്‍ ഒരു കുടുംബത്തിലെ രണ്ട് യുവാക്കള്‍ അപകടത്തില്‍ മരിച്ച ദാരുണ സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമങ്ങളാണ് അപകടത്തിന് മൂന്നാം ദിവസം മുതല്‍ ചില കോണുകളില്‍ നിന്നും ഉയരുന്നത്.
അപകടത്തില്‍ അകപ്പെട്ട കാര്‍ ഓടിച്ചിരുന്ന വ്യക്തിയുടെ പേര് എഫ്ഐആറില്‍ മാറ്റി എഴുതാന്‍ ശ്രമിച്ചെന്നാണ് വിവാദം. അവധി ദിവസമായതിനാല്‍ സ്റ്റേഷനില്‍ പോലീസുകാര്‍ കുറവുള്ള സമയമായതിനാല്‍ അപകടസമയത്തെ പ്രാഥമിക റിപ്പോര്‍ട്ടില്‍ വന്ന പിശകാണ് വിവാദത്തിന് കാരണം.
ശനിയാഴ്ച വൈകിട്ടായിരുന്നു മൂവാറ്റുപുഴ – പുനലൂര്‍ ഹൈവേയിലെ മണിമല ഭാഗത്ത് കാറും സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ജോസ് കെ മാണിയുടെ മകന്‍ കെഎം മാണി (കുഞ്ഞുമാണി – 19) ഓടിച്ച ഇന്നോവ കാറാണ് അപകടത്തില്‍പെട്ടത്.
ഹൈവേയിലെ അല്‍പ്പം ഇറക്കമുള്ള ഭാഗത്ത് കെഎം മാണി ഓടിച്ചുവന്ന ഇന്നോവ കാര്‍ മഴപെയ്ത് തെന്നി കിടന്ന റോഡില്‍ നിയന്ത്രണം വിടുമെന്ന ഘട്ടം വന്നപ്പോള്‍ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതും വണ്ടി നിയന്ത്രണം വിട്ട് തെന്നിമാറിയതുമാണ് അപകട കാരണം.
പെട്ടെന്ന് ബ്രേക്ക് ഇട്ടപ്പോള്‍ മഴയത്ത് തെന്നല്‍ സാധ്യത കൂടുതലുള്ള ഇവിടെ ജോസ് കെ മാണിയുടെ മകന്‍ ഓടിച്ച കാര്‍ പെട്ടെന്ന് പിന്‍ഭാഗം തെന്നി മാറി റോഡിന്‍റെ എതിര്‍ദിശയിലെത്തി നില്‍ക്കുകയായിരുന്നു. ഈ സമയത്താണ് എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച സ്കൂട്ടര്‍ കാറിന്‍റെ പിന്‍ ഭാഗത്ത് ഇടിച്ച് അപകടമുണ്ടാകുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ ഡിക്കി ഭാഗം തകര്‍ന്ന് അകത്തേയ്ക്ക് മടങ്ങിയ സ്ഥിതിയിലായിരുന്നു. അതിനാല്‍ തന്നെ നേര്‍ക്കുനേര്‍ അല്ല വാഹനങ്ങള്‍ കൂട്ടിയിടിച്ചതെന്ന് വ്യക്തം. മാത്രമല്ല, എതിര്‍ദിശയില്‍ നിന്നും വന്ന കാര്‍ തെന്നി മാറി ഓപ്പോസിറ്റ് ഡയറക്ഷനില്‍ നിന്നശേഷമാണ് സ്കൂട്ടര്‍ കാറില്‍ ഇടിച്ചതെന്നാണ് അനുമാനം.
എന്തായാലും പിന്നീടുണ്ടായത് ദാരുണമായ സംഭവമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ സ്കൂട്ടര്‍ യാത്രക്കാരായിരുന്ന കരിക്കാട്ടുര്‍ പതാലിപ്ലാവ് കുന്നുംപുറത്തുതാഴെ മാത്യു ജോണ്‍ (ജിസ് – 35), സഹോദരന്‍ ജിന്‍സ് ജോണ്‍ (30) എന്നിവരുടെ നില സംഭവസ്ഥലത്തുതന്നെ ഗുരുതരമായിരുന്നു.
പെട്ടെന്നു കാറില്‍ നിന്നിറങ്ങിയ കെഎം മാണി തന്നെയാണ് അതുവഴിവന്ന കാര്‍ തടഞ്ഞു നിര്‍ത്തിയതും ഇരുവരെയും എടുത്തു കാറില്‍ കയറ്റാന്‍ സഹായിച്ചതും. ഇതിനിടെ യുവാക്കളുടെ നില ഗുരുതരമാണെന്ന് കണ്ടതോടെ കെഎം മാണിയും മാനസികമായി തകര്‍ന്നു. യുവാക്കളെയുമായി ആശുപത്രിയിലേയ്ക്ക് പോയ വാഹനത്തില്‍ കയറാന്‍ കെഎം മാണി തയ്യാറായെങ്കിലും നാട്ടുകാര്‍ തടഞ്ഞു. നാട്ടുകാര്‍ തന്നെയാണ് യുവാക്കളെ കയറ്റിവിട്ടശേഷം ഇദ്ദേഹത്തെ തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലെത്തിച്ചത്.
ദു:ഖ ശനിയാഴ്ച സഹോദരിയുടെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു കെഎം മാണി ജൂനിയര്‍. ഈ വീട്ടില്‍ നിന്നിറങ്ങി 300 മീറ്റര്‍ മാത്രം പിന്നിട്ടപ്പോഴായിരുന്നു അപകടം. ജോസ് കെ മാണിയുടെ സഹോദരീ ഭര്‍ത്താവിന്‍റെ ഉടമസ്ഥതയില്‍ എറണാകുളം രജിസ്ട്രേഷനിലുള്ള കെഎല്‍ – 7 – സിസി – 1717 ഇന്നോവാ കാറാണ് അപകടത്തില്‍പെട്ടത്. മുന്‍പ് എംഎല്‍എ ആയിരുന്നപ്പോള്‍ കെഎം മാണി ഉപയോഗിച്ചുകോണ്ടിരുന്ന കാറാണിത്.
വാഹനം ഓടിച്ചത് ഈ വാഹനത്തിന്‍റെ സ്ഥിരം ഡ്രൈവറായിരിക്കാമെന്ന ധാരണയിലായിരിക്കണം പോലീസ് പ്രാഥമിക റിപ്പോര്‍ട്ടില്‍ 45 വയസുകാരനായ ഡ്രൈവര്‍ എന്ന് എഴുതിയത്. എന്നാല്‍ ജോസ് കെ മാണിയുടെ ഓഫീസില്‍ നിന്നുതന്നെയാണ് അദ്ദേഹത്തിന്‍റെ മകന്‍ കെഎം മാണിയാണ് കാര്‍ ഓടിച്ചിരുന്നതെന്നും ഇദ്ദേഹത്തെ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കുമെന്നും സ്റ്റേഷനില്‍ വിളിച്ചറിയിച്ചത്.
പിറ്റേദിവസം രാവിലെ അന്തരിച്ച കെഎം മാണിസാറിന്‍റെ ചരമവാര്‍ഷിക ചടങ്ങുകള്‍ക്കു ശേഷം കെഎം മാണി ജൂനിയര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയും പോലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയുമായിരുന്നു. പക്ഷേ അതിനിടയിലും വിവാദങ്ങള്‍ക്ക് കാരണം കണ്ടെത്തുകയായിരുന്നു ചിലര്‍.