മണിപ്പൂർ കത്തുന്നു, യൂറോപ്യൻ യൂണിയൻ പാർലമെന്റ് ഇന്ത്യയുടെ ആഭ്യന്തരകാര്യം ചർച്ച ചെയ്യുന്നു; പ്രധാനമന്ത്രി മൗനം: രാഹുൽ ഗാന്ധി
കലാപം തുടരുന്ന മണിപ്പൂരിലെ സ്ഥിതിഗതികളും യൂറോപ്യൻ പാർലമെന്റും ചർച്ച ചെയ്യുന്നതിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മണിപ്പൂരിലെ സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിന്റെ പേരിൽ സർക്കാരിനെ കടന്നാക്രമിക്കുന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശും കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചു.
മണിപ്പൂർ കത്തുന്നു, യൂറോപ്യൻ യൂണിയൻ പാർലമെന്റ് ഇന്ത്യയുടെ ആഭ്യന്തരകാര്യം ചർച്ച ചെയ്യുന്നു, പ്രധാനമന്ത്രി ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. അതേസമയം, മണിപ്പൂരിലെ സ്ഥിതിഗതികൾ സംബന്ധിച്ച് യൂറോപ്യൻ പാർലമെന്റിൽ അംഗീകരിച്ച പ്രമേയത്തെ കൊളോണിയൽ ചിന്താഗതിയുടെ പ്രതിഫലനമായാണ് ഇന്ത്യ വ്യാഴാഴ്ച വിശേഷിപ്പിച്ചത്.
നിലവിൽ മണിപ്പൂർ അക്രമാസക്തമായ ഏറ്റുമുട്ടലുകൾക്ക് സാക്ഷ്യം വഹിക്കുക്കുകയാണ്. പ്രത്യേകിച്ച് കുക്കി, മെയ്തേയ് വിഭാഗങ്ങൾ തമ്മിൽ രണ്ട് മാസത്തോളമായി സംഘർഷം തുടരുന്നു. അക്രമം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.