മണിപ്പൂര്‍ വിഷയം പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചര്‍ച്ച ചെയ്യാം, സഹകരിക്കണം; അമിത് ഷാ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കത്തയച്ചു
വർഗീയ കലാപം തുടരുന്ന മണിപ്പൂരിലെ വിഷയം പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസർക്കാർ തയ്യാറാണ് എന്നും സഹകരിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിലെയും ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാക്കള്‍ക്ക് കത്തയച്ചു.
വിഷയത്തില്‍ പ്രതിപക്ഷ സഖ്യം പാർലമെന്റിൽ അവിശ്വാസം കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്നറിഞ്ഞതോടെയാണ് ചര്‍ച്ച ചെയ്യാമെന്ന അനുനയവുമായി അമിത്ഷാ രംഗത്തെത്തിയത്. ലോക്സഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ അധിര്‍ രഞ്ജന്‍ ചൗധരിക്കും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കുമാണ് അമിത് ഷാ കത്തയച്ചത്.
ഇത്തരത്തിൽ താൻ കത്തയച്ച വിവരം സഹകരണ ഭേദഗതി ബില്‍ ചര്‍ച്ചയ്ക്കിടെ അമിത് ഷാ പാര്‍ലമെന്റില്‍ അറിയിക്കുകയും ചെയ്തു. ‘കക്ഷി രാഷ്ട്രീയത്തിന് അധീതതമായി മണിപ്പുര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ എല്ലാ പാര്‍ട്ടികളുടേയും സഹകരണം തേടുന്നു. ഈ സുപ്രധാന പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്. എല്ലാവരും സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ – അതിന് ശേഷം അമിത്ഷാ ട്വീറ്റ് ചെയ്തു.