മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ്; കെ സുരേന്ദ്രനടക്കം മുഴുവൻ പ്രതികളും കോടതിയിൽ ഹാജരാകണം
മഞ്ചേശ്വരം മണ്ഡലം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനടക്കം മുഴുവൻ പ്രതികളും കോടതിയിൽ ഹാജരാവാൻ കർശന നിർദേശം. മഞ്ചേശ്വരത്തെ ബിഎസ്പിയുടെ സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.
കേസിൽ ഇതേവരെ പ്രതികളാരും കോടതിയിൽ ഹാജരായിട്ടില്ലെന്നും ഇത് അനുവദിക്കാൻ കഴിയില്ലെന്നും കോടതി ഇന്ന് കേസ് പരിഗണിച്ചപ്പോൾ നിലപാടെടുത്തു. ഈ മാസം 21 ന് കാസർകോട് ജില്ലാ സെഷൻസ് കോടതിൽ ഹാജരാവണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് കേസിലെ ഒന്നാം പ്രതി. ബിജെപി ജില്ലാ സെക്രട്ടറി കെ മണികണ്ഠ റൈ രണ്ടും സുരേഷ് നായ്ക്ക് മൂന്നും പ്രതികളാണ്.
യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായ്ക്കാണ് കേസിലെ നാലാം പ്രതി. ബിജെപി മുന്‍ ജില്ലാ പ്രസിഡന്‍റ് കെ.ബാലകൃഷ്ണ ഷെട്ടി, ലോകേഷ് നോണ്ട എന്നിവര്‍ അഞ്ചും ആറും പ്രതികളാണ്.പട്ടികജാതി/ പട്ടിക വര്‍ഗ അതിക്രമം തടയല്‍ വകുപ്പ് ഉൾപ്പടെ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജാമ്യം ലഭിക്കാത്ത വകുപ്പാണിത്. ഇന്ത്യൻ ശിക്ഷാ നിയമം 171 ബി, ഇ വകുപ്പുകള്‍ക്ക് പുറമേ അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.