മാന്നാര്‍ മഹാത്മാഗാന്ധി ജലോത്സവം; കേരള പൊലീസിന്റെ നിരണം ചുണ്ടന്‍ വിജയിച്ചത് ചതിയിലൂടെ?
മാന്നാര്‍ മഹാത്മാഗാന്ധി ജലോത്സവത്തില്‍ കേരള പൊലീസ് തുഴഞ്ഞ നിരണം ചുണ്ടന്‍ വിജയിച്ചത് ചതിയിലൂടെയെന്ന് ആരോപണം. ഫൈനലിൽ രണ്ടാം സ്ഥാനത്തെത്തിയ ചെറുതന ചുണ്ടന്റെ അമരക്കാരനെ പങ്കായം കൊണ്ട് കുത്തി വെള്ളത്തില്‍ തള്ളിയിട്ടാണ് നിരണം ചുണ്ടന്‍ ഒന്നാമതെത്തിയതെന്ന് കാണിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
കേരള പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടനെ പിന്നിലാക്കി ചെറുതന ചുണ്ടന്‍ കിരീടം സ്വന്തമാക്കുമെന്നായപ്പോഴായിരുന്നു അമരക്കാരനെ പങ്കായം കൊണ്ട് കുത്തിവീഴ്ത്തുന്നത്. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ചെറുതന ചുണ്ടന്‍ ഒഴുക്കില്‍ പെട്ട് മുങ്ങുകയായിരുന്നു.
മത്സരശേഷം പൊലീസ് ബോട്ട് ക്ലബ്ബിന് ഒന്നാം സമ്മാനം നല്‍കരുതെന്ന് ആവശ്യപ്പെട്ട നാട്ടുകാരെ പൊലീസ് മര്‍ദ്ദിച്ചുവെന്നും ആരോപണമുണ്ട്. മത്സരത്തിൽ സുരക്ഷ ഒരുക്കേണ്ട പോലീസ് തന്നെ അക്രമങ്ങള്‍ അഴിച്ചു വിട്ടുവെന്ന് ചെറുതന ചുണ്ടന്റെ സംഘാടകര്‍ ആരോപിക്കുന്നു. അതേസമയം, ദൃശ്യങ്ങള്‍ സഹിതം പരാതിപ്പെട്ടിട്ടും നടപടി എടുത്തില്ലെന്നും ഇവര്‍ പ്രതികരിച്ചു. എന്തായാലും തെളിവുകളുമായി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സംഘാടകര്‍.