ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനുമെതിരായ നരഹത്യ വകുപ്പ് ഒഴിവാക്കി
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനുമെതിരായ നരഹത്യ വകുപ്പ് ഒഴിവാക്കി.
പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയിലാണ് തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പ്രസ്താവിച്ചത്.
പ്രതികള്‍ക്കെതിരെ വാഹനാപകട കേസ് മാത്രമേ ഉണ്ടാകൂ. കേസിന്റെ വിചാരണ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതികള്‍ വിചാരണയ്ക്ക് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒന്നിലേക്കാണ് കേസിന്റെ വിചാരണ മാറ്റിയത്. ജൂലൈ 20 ന് വിചാരണ ആരംഭിക്കാനും കോടതി ഉത്തരവിട്ടു.
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിച്ചത്. വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു കെ എം ബഷീറിനെ ഇടിച്ച വാഹനം. കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ബഷീറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് വിടുതല്‍ ഹര്‍ജിയുമായി ശ്രീറാം രംഗത്തെത്തിയത്.