ഹിന്ദി ചലച്ചിത്രമേഖലയിലെ പലര്‍ക്കും കെ.ജി.എഫ്: ചാപ്റ്റര്‍ 2 ഇഷ്ടപ്പെട്ടില്ല; രാം ഗോപാല്‍ വര്‍മ്മ

single-img
4 September 2022

പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത യാഷ് അഭിനയിച്ച കെ.ജി.എഫ്: ചാപ്റ്റര്‍ 2 ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രമാണ്.

ആയിരം കോടിക്ക് മുകളില്‍ ആണ് ചിത്രം നേടിയത്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ തെന്നിന്ത്യന്‍ സിനിമകളുടെ ആധിപത്യം ഊട്ടിഉറപ്പിക്കുന്നതായിരുന്നു ഈ ചിത്രത്തിന്റെ വിജയം. എന്നാല്‍, ഹിന്ദി ചലച്ചിത്രമേഖലയിലെ പലര്‍ക്കും ചിത്രം ഇഷ്ടപ്പെട്ടില്ലെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ പറയുന്നു. കെജിഎഫ്: ചാപ്റ്റര്‍ 2 പോലെയുള്ള ലോജിക്കില്ലാത്ത ചിത്രം എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തതിലെ ഞെട്ടലും അദ്ദേഹം പങ്കുവെച്ചു.

ബോളിവുഡിലെ ആര്‍ക്കും കെ.ജി.എഫ് ഇഷ്ടമായില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദി വ്യവസായം കെ.ജി.എഫിന്റെ വന്‍ വിജയത്തിന് ശേഷം എന്തുചെയ്യണമെന്നതിനെക്കുറിച്ച്‌ ആശയക്കുഴപ്പത്തിലാണെന്നും വര്‍മ്മ പറഞ്ഞു. അഞ്ച് പ്രാവശ്യം ചിത്രം കാണാന്‍ ശ്രമിച്ചെങ്കിലും പൂര്‍ത്തിയായില്ലെന്ന് ബോളിവുഡിലെ വലിയ ഒരു സംവിധായകന്‍ പറഞ്ഞുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരു ലോജിക്കും ഇല്ലാത്ത കെ.ജി.എഫ് പോലെ ഒരു സിനിമ ബോളിവുഡിലെ സര്‍വ്വ റെക്കോര്‍ഡും തകര്‍ത്തത് എങ്ങനെ ആണെന്ന് ഓര്‍ത്ത് അത്ഭുതപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ബോളിവുഡിന് മേല്‍ സഞ്ചരിക്കുന്ന പ്രേതമാണ് കെ.ജി.എഫ് എന്ന് രാം ഗോപാല്‍ വര്‍മ്മ ആശങ്കയോടെ പറയുന്നു. ഇതെന്ത് തേങ്ങയാണ് നടക്കുന്നത് എന്നോര്‍ത്ത് വാ പൊളിച്ചിരുന്നാണ് താന്‍ ആ സിനിമ കണ്ടതെന്ന് വര്‍മ്മ ആശ്ചര്യത്തോടെ വ്യക്തമാക്കുന്നു.

കെ.ജി.എഫ് 2 എക്കാലത്തെയും വലിയ കന്നഡ ചിത്രം മാത്രമല്ല, 2022 ലെ ഏറ്റവും വലിയ ഇന്ത്യന്‍ സിനിമ കൂടിയാണ്. ഏപ്രില്‍ 14 ന് ചിത്രം നിറഞ്ഞ സദസ്സുകളില്‍ റിലീസ് ചെയ്യുകയും ബോക്‌സ് ഓഫീസില്‍ കൊടുങ്കാറ്റ് സൃഷ്ടിക്കുകയും ചെയ്തു. ചിത്രം ലോകമെമ്ബാടുമായി 1100 കോടിയിലധികം നേടി.