വിവാഹം ചെയ്തത് 40 വയസ് അധികമുള്ള ഒരാളെ; പരിഹാസങ്ങളെയും വിമർശനങ്ങളെയും തള്ളി യുവതി
നഴ്സിംഗ് വിദ്യാർത്ഥിനിയായ മരിയ എഡ്വാർഡോ ഡയസ് തന്നേക്കാൾ 40 വയസ് അധികമുള്ള ഒരാളെയാണ് വിവാഹം കഴിച്ചത്. ഈ കാരണത്താൽ മാത്രം അവളേറ്റ് വാങ്ങുന്ന പരിഹാസങ്ങളും വിമർശനങ്ങളും ചെറുതല്ല. പ്രധാനമായും പണത്തിന് വേണ്ടിയാണ് അവളിത് ചെയ്യുന്നത് എന്നായിരുന്നു പ്രധാന വിമർശനം.
മരിയ റേഡിയോ ഡിജെ ആയ നിക്സൺ മോട്ടയുമായി പ്രണയത്തിലായപ്പോൾ പ്രായം വെറും പതിനാറ് വയസായിരുന്നു. ആ സമയം നിക്സണിന്റെ പ്രായം 57 ഉം. കാമ്പിന ഗ്രാൻഡെയിൽ നിന്നുള്ള മരിയയ്ക്കും നിക്സണിനും ഇപ്പോൾ ഒരു കുഞ്ഞുമുണ്ട്. മരിയയ്ക്ക് ഇപ്പോൾ 23 വയസും നിക്സണിന് 63 വയസും ആണ്.
സോഷ്യൽ മീഡിയയായ ടിക്ടോക്കിൽ വിവാഹിതരാവാനുള്ള തീരുമാനം പറഞ്ഞപ്പോൾ ധാരാളം പരിഹാസങ്ങളും വിമർശനങ്ങളും നേരിടേണ്ടി വന്നതെന്ത് കൊണ്ടാണ് എന്നതാണ് മരിയയെ അത്ഭുതപ്പെടുത്തുന്നത്. തങ്ങൾ നയിക്കുന്നത് മനോഹരമായൊരു പ്രണയകഥയായി ആളുകൾ സ്വീകരിക്കും എന്നാണ് കരുതിയിരുന്നത്. പക്ഷെ സമൂഹത്തിൽ നിന്നും നേരെ തിരിച്ചാണ് ഉണ്ടായത് എന്ന് മരിയ പറയുന്നു.
ഇപ്പോൾ താനും ഭർത്താവും ഒരു വയസുള്ള മോളും വളരെ സന്തോഷത്തോടെയാണ് കഴിയുന്നത്. തങ്ങളുടെ കുടുംബം ഹാപ്പിയാണ്. ആളുകൾ എന്തിനാണ് വെറുതെ തങ്ങളെ വിമർശിക്കുകയും ബഹുമാനമില്ലാതെ അതുമിതും പറയുകയും ചെയ്യുന്നത് എന്നാണ് മരിയയുടെ ചോദ്യം. എന്നാൽ, തങ്ങളെ ഇതൊന്നും ബാധിക്കുന്നില്ല എന്നും തങ്ങൾ വളരെ അധികം സന്തോഷത്തോടെയും സ്നേഹത്തോടെയുമാണ് ജീവിക്കുന്നത് എന്നും നിക്സൺ പറയുന്നു. ഒപ്പം താനത്ര വലിയ പണക്കാരനൊന്നുമല്ല. മിക്കവരും പറയുന്നത് സാമ്പത്തികഭദ്രതയ്ക്ക് വേണ്ടിയാണ് മരിയ തന്നെ സ്നേഹിച്ചത് എന്നാണ്. എന്നാൽ, അതിൽ ഒരു സത്യവുമില്ല എന്നും നിക്സൺ പറയുന്നു.
എന്നാൽ, വിവാഹത്തെ കുറിച്ച് പറയുന്ന ഇരുവരുടേയും ടിക്ടോക് വീഡിയോയ്ക്ക് പ്രതീക്ഷിക്കാത്ത തരത്തിലുള്ള വിമർശനങ്ങളാണ് ലഭിച്ചത്. പതിനാറ് വയസുള്ള പെൺകുട്ടി ഒരു 57 -കാരനുമായി പ്രണയത്തിലാകുന്നതിനെ സ്വാഭാവികവത്കരിക്കാൻ സാധിക്കില്ല എന്നാണ് മിക്കവരും എഴുതിയത്.
എന്നാൽ, നിക്സൺ ഒരു നല്ല മനുഷ്യനാണ് എന്നും തന്നെ അത്രയധികം കരുതലോടെ ചേർത്ത് പിടിക്കുന്നു എന്നുമാണ് മരിയ പറയുന്നത്.