മസാല ബോണ്ട്: തോമസ് ഐസക്കിന് വീണ്ടും ഇ ഡി നോട്ടിസ്;ചൊവ്വാഴ്ച ഹാജരാകണം
വിവാദമായ മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ട് സിപിഎം നേതാവും മുൻ മന്ത്രിയുമായി തോമസ് ഐസക്കിന് വീണ്ടും ഇ.ഡി നോട്ടിസ് അയച്ചു. വരുന്ന ചൊവ്വാഴ്ച ഇ.ഡിയുടെ കൊച്ചി ഓഫിസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. ബന്ധപ്പെട്ട രേഖകളും ഹാജരാക്കണമെന്ന് നിർദ്ദേശമുണ്ട്.
ഈ കേസിൽ ഇ.ഡിയുടെ സമൻസ് ചോദ്യം ചെയ്തു തോമസ് ഐസക് നല്‍കിയ ഹർജിയിൽ ഹൈക്കോടതി ഇ.ഡിക്ക് നോട്ടീസ് അയച്ചിരുന്നു. ഈ ഹർജി ഈ മാസം ഒൻപതിനു പരിഗണിക്കുന്നതിനു മുമ്പായി നോട്ടിസിനു മറുപടി നൽകണമെന്നായിരുന്നു നിർദ്ദേശം. ഇതിനിടെയാണ് ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് പുതിയ നോട്ടിസ് നൽകിയത്.
നേരത്തെ പലതവണ തോമസ് ഐസക്കിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി നോട്ടിസ് അയച്ചിട്ടുണ്ടെങ്കിലും, അദ്ദേഹം ഹാജരാകാതെ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിനുപുറമെ ഇ.ഡിയുടെ സമൻസ് ചോദ്യം ചെയ്തു ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.