പൊതുവിടങ്ങളിൽ മാസ്ക് ധരിക്കുന്നത് തുടരണം; കോവിഡിനെതിരെ ജാഗ്രത പാലിക്കാൻ കേന്ദ്രസർക്കാർ
ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ഇപ്പോൾ നടക്കുന്ന കൊവിഡ് വ്യാപനം കണക്കിലെടുത്ത് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ . പൊതുവിടങ്ങളിൽ മാസ്ക് ധരിക്കുന്നത് തുടരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
ഇന്ത്യയിൽ കൊവിഡ് പ്രതിരോധം ശക്തമാക്കണം. കൊവിഡ് ഇതുവരെ അവസാനിച്ചിട്ടില്ല. ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിർദേശിച്ചിട്ടുണ്ട്. അതേസമയം തന്നെ ഏത് സാഹചര്യത്തേയും നേരിടാൻ രാജ്യം തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിലാണ് നിർദേശം.പൊതുസ്ഥലങ്ങളിലെ ആൾകൂട്ടങ്ങളുളള ഇടങ്ങളിലും വീടിന് അകത്തും പുറത്തും മാസ്ക് ധരിക്കുന്നത് തുടരണമെന്ന് യോഗത്തിന് ശേഷം നീതി ആയോഗ് അംഗം ഡോ വി കെ പോൾ നിർദേശിച്ചു.
വാക്സിന്റെ മുൻകരുതൽ ഡോസ് സ്വീകരിക്കാൻ വൈകരുത്. ഇതേവരെ ഇന്ത്യയിൽ 27-28 ശതമാനം പേർ മാത്രമാണ് മുൻകരുതൽ ഡോസ് സ്വീകരിച്ചത്. മുതിർന്ന പൗരന്മാർ ഇക്കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യരുതെന്നും വി കെ പോൾ പറഞ്ഞു. പുതിയ വകഭേദങ്ങൾ തിരിച്ചറിയുന്നത് സുഗമമാക്കുന്നതിനായി കൊവിഡ് പോസിറ്റീവ് കേസുകളുടെ സാമ്പിളുകൾ ഇൻസകോഗ് ലാബുകളിലേക്ക് അയക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.