ചൈനയിൽ വൻ ഭൂചലനം; 111 പേർ മരിച്ചു, 200 പേർക്ക് പരിക്ക്


ചൈനയിൽ വൻ ഭൂചലനം ഉണ്ടായി. ഈ ദുരന്തത്തിൽ നൂറിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി അധികൃതർ വെളിപ്പെടുത്തി. 200 പേർക്ക് കൂടി പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂകമ്പം 35 കിലോമീറ്റർ (21.75 മൈൽ) ആഴത്തിലുള്ളതും ചൈനയിലെ ലാൻഷൗവിൽ നിന്ന് 102 കിലോമീറ്റർ പടിഞ്ഞാറ്-തെക്കുപടിഞ്ഞാറായി കേന്ദ്രീകരിച്ചുമാണെന്ന് ഇഎംഎസ്‌സി പറഞ്ഞു.
ചൈനയിലെ നാഷണൽ കമ്മീഷൻ ഫോർ എമർജൻസി മാനേജ്‌മെന്റും എമർജൻസി മാനേജ്‌മെന്റ് മന്ത്രാലയവും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചു. ദുരന്തബാധിത പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തകരെ അയക്കുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച (ഡിസംബർ 18) അർദ്ധരാത്രിക്ക് ശേഷമാണ് ഈ വൻ ഭൂചലനം ഉണ്ടായത്. ചൈനയിലെ രണ്ട് പ്രവിശ്യകളിൽ ഭൂചലനം ഉണ്ടായതായി പ്രാദേശിക മാധ്യമ സ്ഥാപനമായ സിൻഹുവ വാർത്താ ഏജൻസി അറിയിച്ചു.
ഗാൻസു പ്രവിശ്യയിൽ 100 പേരും അയൽരാജ്യമായ ക്വിൻഹായ് പ്രവിശ്യയിൽ 11 പേരും മരിച്ചു. നൂറുകണക്കിന് വീടുകൾ തകർന്നു. സുരക്ഷാ സേന രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ഭൂചലനത്തിൽ പരിഭ്രാന്തരായ ജനം റോഡിലേക്ക് ഓടി. ഈ വർഷം ഓഗസ്റ്റിൽ കിഴക്കൻ ചൈനയിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു .
സംഭവത്തിൽ 23 പേർക്ക് പരിക്കേറ്റു. ഡസൻ കണക്കിന് കെട്ടിടങ്ങൾ തകർന്നു. 2022 സെപ്റ്റംബറിൽ, സിചുവാൻ പ്രവിശ്യയിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 100 ഓളം പേർ മരിച്ചു. 2008 ൽ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 5,000 സ്കൂൾ കുട്ടികളടക്കം 87,000-ത്തിലധികം ആളുകൾ മരിച്ചു.