തെലങ്കാനയിലെ ആഡംബര ഹോട്ടലില്‍ സ്ഫോടനത്തെ തുടര്‍ന്നുണ്ടായ വന്‍ തീ പിടുത്തം; ആറു പേർ മരിച്ചു
ഹൈദരാബാദ്: തെലങ്കാനയിലെ സെക്കന്തരാബാദില്‍ ആഡംബര ഹോട്ടലില്‍ സ്ഫോടനത്തെ തുടര്‍ന്നുണ്ടായ വന്‍ തീ പിടിത്തത്തില്‍ ആറ് പേര്‍ മരിച്ചു.
റൂബി പ്രൈഡ് ആഡംബര ഹോട്ടലില്‍ തിങ്കളാഴ്ച രാത്രിയാണ് അപകടം. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ സ്ഥിതി ചെയ്യുന്ന ഇ- ബൈക്ക് ഷോറൂമിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്നാണ് തീ പടര്‍ന്നത്. ഇന്നലെ രാത്രി 9.20 ഓടെയാണ് തീ പിടിത്തമുണ്ടായത്.
നിരവധി പേര്‍ക്ക് പൊള്ളലേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. അപകട സമയത്ത് പാസ്‌പോര്‍ട്ട് ഓഫീസിന് സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ 25 പേരാണ് ഉണ്ടായിരുന്നത്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
റൂബി മോട്ടോഴ്‌സ് ഷോറൂമില്‍ സ്ഥാപിച്ചിരുന്ന ഇ- ബൈക്കോ, ജനറേറ്ററോ പൊട്ടിത്തെറിച്ചതാണ് തീ പിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ സിവി ആനന്ദ് പറഞ്ഞു. തീജ്വാലകള്‍ ഗോവണിപ്പടിയിലേക്ക് കുതിച്ചു, താമസിയാതെ നിലവറ, നിലം, കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകള്‍ വിഴുങ്ങി.
തീയേക്കാള്‍ പുകയാണ് അന്തേവാസികളെ ശ്വാസം മുട്ടിച്ചത്. അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കനത്ത പുക ഉയര്‍ന്നു.
പരിക്കേറ്റവരെ ഗാന്ധി ആശുപത്രിയിലും യശോദ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 23 മുറികളുള്ള ഹോട്ടലില്‍ തീ പിടിത്തമുണ്ടായപ്പോള്‍ പകുതിയിലധികം മുറികളിലും ആളുകളുണ്ടായിരുന്നു.
നാല് നില കെട്ടിടത്തില്‍ എമര്‍ജന്‍സി എക്‌സിറ്റ് ഇല്ലാത്തതിനാല്‍ ഏഴ് പേര്‍ വിവിധ നിലകളില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. ഇതിലുണ്ടായിരുന്നവരില്‍ ചിലര്‍ പൈപ്പ് ലൈനിലൂടെ താഴേക്ക് ഇറങ്ങാനും ശ്രമിച്ചു. ഫയര്‍ഫോഴ്‌സ് ഹൈഡ്രോളിക് എലിവേറ്റര്‍ ഉപയോഗിച്ച് നാല് പേരെ രക്ഷപ്പെടുത്തി.