ബിജെപിയുടെ ആസ്തിയിൽ വൻ വർദ്ധനവ്; 21 ശതമാനം ഉയര്‍ന്ന് 6046 കോടിയായി
രാജ്യത്ത് ദേശീയ തലത്തിൽ ബിജെപിയുടെ ആസ്തിയിൽ വൻ വർദ്ധനവ് . 4990 കോടിയിൽനിന്ന് 21 ശതമാനം വർധനയോടെ 6046 കോടിയായിട്ടാണ് ആസ്തി ഉയർന്നത്. മറ്റ് ഏഴ് ദേശീയപ്പാർട്ടികൾക്കെല്ലാംകൂടി ആകെയുള്ളത് 2780 കോടിയാണ്. അതേസമയം കോൺഗ്രസിന്‍റെ ആസ്തി 805 കോടിയായി വർധിച്ചു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ആണ് കണക്കു പുറത്തു വിട്ടത്.
2020-’21-ലെ കണക്കുകളിൽ രാജ്യത്തെ എട്ട് ദേശീയപ്പാർട്ടികളുടെ ആകെ ആസ്തി 7297 കോടിയായിരുന്നത് 2021-’22-ൽ 8829 കോടിയായി. ബിജെപിക്ക് 6046 കോടി രൂപയുടെ ആസ്തിയാണെങ്കിൽ മറ്റ് ഏഴ് ദേശീയപ്പാർട്ടികൾക്കെല്ലാംകൂടി ആകെയുള്ളത് 2780 കോടിയാണ്. ഇത് ബി.ജെ.പി.യുടെ ആസ്തിയുടെ 46 ശതമാനമേ വരൂ.
തൊട്ടു പിന്നാലെ ആസ്തിയിൽ രണ്ടാംസ്ഥാനത്തുള്ള കോൺഗ്രസിന്റേത് 691 കോടിയിൽനിന്ന് 16.5 ശതമാനം വർധിച്ച് 805 കോടിയായി. ബാധ്യതകൾ കൂടുതലും കോൺഗ്രസിനാണ്. 42 കോടി രൂപയുടെ ബാധ്യതയാണ് കോൺഗ്രസിനുള്ളത്. ദേശീയ പാർട്ടികളിൽ ഏറ്റവും കുറവ് ബാധ്യതയുള്ളത് സിപിഐക്കാണ്. 62,800രൂപ എന്ന ബാധ്യത സിപിഐക്ക് മാറ്റമില്ലാതെ തുടരുകയാണ്. സിപിഐഎമ്മിന്‍റെ ആസ്തി മേൽപ്പറഞ്ഞ കാലയളവിൽ 654 കോടിയിൽനിന്ന് 735 കോടിയായി.
പാർട്ടികൾ വെളിപ്പെടുത്തിയ ആസ്തി പരിശോധിച്ച് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ദേശീയപ്പാർട്ടികളിൽ ആസ്തി കുറഞ്ഞത് മായാവതിയുടെ ബി.എസ്.പി.ക്കു മാത്രമാണ്. ബി.എസ്.പി.ക്ക് 732 കോടിയിൽനിന്ന് 5.74 ശതമാനം കുറഞ്ഞ് 690 കോടിയായി. വർധന നിരക്ക് ഏറ്റവും കൂടുതൽ തൃണമൂൽ കോൺഗ്രസിനാണ്. അവരുടെ ആസ്തി ഒരുവർഷംകൊണ്ട് 182 കോടിയിൽനിന്ന് 151 ശതമാനം ഉയർന്ന് 458 കോടിയായി.
എൻ.സി.പി.യുടെ ആസ്തി 31 കോടിയിൽനിന്ന് 74.5 കോടിയായും സി.പി.ഐ.യുടേത് 14 കോടിയിൽനിന്ന് 15.7 കോടിയായും ഉയർന്നു. മോദി ആദാനി ബന്ധം രാജ്യത്ത് ചര്‍ച്ചാവിഷയം ആകുമ്പോഴാണ് ബിജെപിയിലേക്ക് സംഭാവനകളും സ്വത്തുക്കളും ഒഴുകുന്നത്. ഇന്ത്യയില്‍ സമ്പത്ത് ചിലരുടെ കൈകളിലേക്ക് മാത്രം ചുരുങ്ങുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാവുകയും ചെയ്യുന്നതിന്‍റെ മറ്റൊരു തലമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ബിജെപിയിലേക്ക് മാത്രം പണം ഒഴുകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
അദാനിയുടെ ഷെല്‍ കമ്പനികളും അതിലെ നിക്ഷേപങ്ങളെ കുറിച്ചും മൗനം പാലിക്കുന്നതിനെ കുറിച്ചും രാജ്യത്തിനകത്തും പുറത്തുമുള്ള കരാറുകള്‍ അദാനിയെ തേടിയെത്തുന്നതിനെ കുറിച്ചും നിരവധി ചോദ്യങ്ങള്‍ മോദിക്ക് നേരെ ഉയരുമ്പോഴാണ് ബിജെപിയുടെ സ്വത്തിലുണ്ടായ വളര്‍ച്ച ചര്‍ച്ചയാകുന്നത്.