യുവതിയെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ വൻ ആസൂത്രണം;ഭർത്താവ് അരുണും അനുഷയും തമ്മിൽ അടുപ്പമുണ്ടെങ്കിലും  നിലവിൽ കേസിൽ പ്രതിയല്ലെന്ന് പൊലീസ് അറിയിച്ചു

single-img
5 August 2023

പത്തനംതിട്ട: പത്തനംതിട്ട പരുമലയിൽ നഴ്സ് വേഷത്തിൽ ആശുപത്രിയിൽ കടന്ന് കയറി യുവതിയെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ വൻ ആസൂത്രണം നടന്നെന്ന് പൊലീസ്. സ്നേഹയെ കൊലപ്പെടുത്തി ഭർത്താവ് അരുണിനേ സ്വന്തമാക്കുകയായിരുന്നു പ്രതി അനുഷയുടെ ലക്ഷ്യം. എയർ ഇൻജക്ഷൻ ചെയ്തു കൊലപ്പെടുത്താനാണ് ശ്രമിച്ചത്. സ്നേഹയുടെ ഭർത്താവ് അരുണും അനുഷയും തമ്മിൽ അടുപ്പമുണ്ടെങ്കിലും  നിലവിൽ കേസിൽ പ്രതിയല്ലെന്ന് പൊലീസ് അറിയിച്ചു. 

പരുമലയിൽ നഴ്സ് വേഷത്തിൽ ആശുപത്രിയിൽ കടന്നുകയറി യുവതിയെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ കണ്ടല്ലൂർ സ്വദേശിനി അനുഷയാണ്  അറസ്റ്റിലായത്. ഇന്നലെ വൈകിട്ടാണ് ഏറെ ഞെട്ടിപ്പിക്കുന്ന സംഭവം പരുമല ആശുപത്രിയിൽ നടന്നത്. പ്രസവശേഷം ഡിസ്ചാർജ് കാത്ത് കിടന്ന കരിയിലകുളങ്ങര സ്വദേശിനി സ്നേഹയെ നേഴ്സിന്റെ വേഷമണിഞ്ഞ് എത്തിയ അനുഷ കൊലപ്പെടുത്താൻ ശ്രമിച്ചു. ഡിസ്ചാർജിന് മുൻപ് ചെയ്യേണ്ട ഇഞ്ചക്ഷൻ ഉണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു പ്രതി മൂന്ന് തവണ അനുഷയുടെ കയ്യിൽ കുത്തിയത്. സ്നേഹയുടെ അമ്മ സംശയം തോന്നി ബഹളം വെച്ചതിനെ തുടർന്ന് ആശുപത്രി ജീവനക്കാരെ എത്തി അനുഷയെ പിടികൂടുകയായിരുന്നു.

എയർ ഇഞ്ചക്ഷൻ രീതിയിലൂടെയാണ് അനുഷ കൊലപാതകം ആസൂത്രണം ചെയ്തത്. വായു നിറച്ച സിറിഞ്ച് ഉപയോഗിച്ച് ഇഞ്ചക്ഷൻ ചെയ്താൽ രക്ത ധമനികളിൽ ബ്ലോക്ക് ഉണ്ടാകും, മരണം സംഭവിക്കും. ഫാർമസി കോഴ്സ് പഠിച്ച അനുഷയ്ക്ക് ഇത് നല്ലതുപോലെ അറിയാമായിരുന്നു എന്ന് പൊലീസ് പറയുന്നു. പ്രതിയായ അനുഷയും, വധശ്രമത്തിനിരയായ സ്നേഹയുടെ ഭർത്താവ് അരുണും തമ്മിൽ ഏറെക്കാലമായി അടുപ്പമുണ്ട്. പ്രസവശേഷം ആശുപത്രിയിൽ കഴിയുന്ന സ്നേഹയെ കാണാൻ ആഗ്രഹം ഉണ്ടെന്ന് അനുഷ തന്നെയാണ് അരുണിനോട് പറഞ്ഞത്. പക്ഷേ ആശുപത്രിയിൽ എത്തി, നഴ്സായി വേഷമണിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിക്കുമെന്ന് അറിയില്ലായിരുന്നു എന്നാണ് അരുൺ പൊലീസിനോട് പറയുന്നത്. അനുഷയുടെ ഫോണിലെ ചാറ്റുകൾ അടക്കം ക്ലിയർ ചെയ്തിരിക്കുകയാണ്. കൊലപാതകം ആസൂത്രണം ചെയ്തതിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തിൽ പൊലീസ് ശാസ്ത്രിമായ പരിശോധന നടത്തും. കൃത്യം നടത്താൻ   സിറിഞ്ചും കോട്ടും ഒക്കെ വാങ്ങിയ കായംകുളം പുല്ലുകുളങ്ങരയിലെ കടയിലെത്തിച്ച് അനുഷയെ പൊലീസ് തെളിവെടുത്തു.