മറുപടി കിട്ടിയിട്ടും തെറ്റിദ്ധാരണ പരത്തുകയാണ് മാത്യു കുഴല്‍നാടന്‍: മന്ത്രി കെ എന്‍ ബാലഗോപാല്‍
മാസപ്പടി വിവാദത്തില്‍ കോൺഗ്രസ് എംഎൽഎ മാത്യു കുഴല്‍നാടന് മറുപടിയുമായി സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ നികുതി അടച്ചെന്ന വിഷയത്തില്‍ മാത്യു കുഴല്‍നാടന്‍ തെറ്റിദ്ധാരണ പരത്തുകയാണെന്ന് ധനമന്ത്രി വിമര്‍ശിച്ചു.
ആദ്യം നികുതി അടച്ചോ എന്ന് ചോദിച്ച് മാത്യു കുഴല്‍നാടന്‍ നല്‍കിയ കത്തിന് കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. നികുതി അടയ്ക്കാത്ത ആളുകളുടെ വിവരങ്ങള്‍ പുറത്തുവിടാറില്ല. മറുപടി കിട്ടിയിട്ടും തെറ്റിദ്ധാരണ പരത്തുകയാണ്. മാത്യു കുഴല്‍നാടന്‍ എപ്പിസോഡ് അവസാനിപ്പിച്ച് പുതിയ കാര്യങ്ങളുമായി വരണമെന്നും ധനമന്ത്രി പരിഹസിച്ചു.
അതേസമയം, വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ ധനകാര്യ വകുപ്പ് ഇറക്കിയത് കത്ത് അല്ല ക്യാപ്‌സ്യൂള്‍ എന്നായിരുന്നു എംഎല്‍എ മാത്യു കുഴല്‍നാടന്റെ വിമര്‍ശനം. 2017 മുതല്‍ വീണ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്ന് പണം കൈപ്പറ്റുന്നുണ്ട്. ജിഎസ്ടി രജിസ്ട്രേഷന്‍ എടുത്തത് 2018ലാണ്. പിന്നെങ്ങനെ നികുതി അടയ്ക്കാന്‍ കഴിയും എന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു. ഇതിനാണ് ധനമന്ത്രിയുടെ മറുപടി.