ടി20 ലോകകപ്പ് ടീമില്‍ പന്തിനെ ഉള്‍പ്പെടുത്തിയതിൽ പിന്തുണയുമായി മാത്യൂ ഹെയ്‌ഡന്‍
ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഫോമിൽ അല്ലാത്ത ഋഷഭ് പന്തിനെ ഉള്‍പ്പെടുത്തിയ തീരുമാനത്തിന് പരസ്യ പിന്തുണയുമായി രംഗത്തിയിരിക്കുകയാണ് ഓസീസ് ഇതിഹാസം മാത്യൂ ഹെയ്‌ഡന്‍. താൻ ടീമിന്റെ സെലക്ടറാണെങ്കില്‍ എല്ലാ ടീമിലും റിഷഭ് പന്തിന് സ്ഥാനമുണ്ടാകും. അയാൾ ഒരു ഭാവി വാഗ്ദാനമാണ്.
ഇപ്പോൾ പന്തിന് തീർച്ചയായും പിന്തുണ ആവശ്യമാണ്. സമയവും ആവശ്യം. കുറയുന്ന റൺസിനും ഫോമിന്‍റേയും പേരില്‍ ചോദ്യം ചെയ്യപ്പെട്ടാലും റിഷഭ് പന്ത് ടീമിലുണ്ടാവണം. എല്ലാത്തരത്തിലും റിഷഭ് മികച്ച ഒരു താരമാണ് എന്നും ഹെയ്‌ഡന്‍ മൊഹാലിയിലെ ഇന്ത്യ-ഓസീസ് ആദ്യ ടി20ക്ക് മുന്നോടിയായി പറഞ്ഞു.
ഈ മത്സരത്തില്‍ ഇന്ത്യ റിഷഭ് പന്തിന് വിശ്രമം നല്‍കിയപ്പോള്‍ ദിനേശ് കാര്‍ത്തിക്കാണ് വിക്കറ്റ് കീപ്പറുടെ റോളിലെത്തിയത്. മത്സരത്തില്‍ ബാറ്റ് കൊണ്ട് തിളങ്ങാനായില്ല ഡികെയ്‌ക്ക്. രാജ്യാന്തര ടി20യില്‍ റിഷഭ് പന്തിന്‍റെ മാത്രമല്ല, ദിനേശ് കാര്‍ത്തിക്കിന്‍റെ ഫിനിഷിംഗ് മികവും ചോദ്യചിഹ്നമാണ്.
കാരണം, അവസാന നാല് ഇന്നിംഗ്സില്‍ 7, 6, 12, 1* എന്നിങ്ങനെയായിരുന്നു ഡികെയുടെ സ്‌കോറുകള്‍. ടി20 ലോകകപ്പിനുള്ള സ്ക്വാഡില്‍ വിക്കറ്റ് കീപ്പര്‍മാരായ റിഷഭ് പന്തും ദിനേശ് കാര്‍ത്തിക്കുമുണ്ട്.