മേയർ-കെഎസ്ആര്‍ടിസി ഡ്രൈവർ തർക്കം; ഡ്രൈവര്‍ യദുവിന്‍റെ ഹർജി കോടതി തള്ളി


തിരുവനന്തപുരം മേയർ-കെഎസ്ആര്‍ടിസി ഡ്രൈവർ തർക്കത്തില്‍ മേയർക്കെതിരായ അന്വേഷണത്തിൽ കോടതി മേൽനോട്ടം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഡ്രൈവര്‍ യദുവിന്‍റെ ഹർജി കോടതി തള്ളി.
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. കേസിൽ ഇതുവരെയുള്ള റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചു. റിപ്പോർട്ടും പ്രോസിക്യൂട്ടറുടെ വാദവും അംഗീകരിച്ചാണ് കോടതി നടപടി.
യദു ലൈംഗിക ചേഷ്ട കാണിച്ചുവെന്ന് മേയർ നൽകിയ പരാതിയില്‍ സാഹചര്യ തെളിവുകള്‍ക്കായി സംഭവം പുനരാവിഷ്കരിച്ച് അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ബസ്സും കാറും ഓടിച്ചാണ് പൊലീസ് പരിശോധന നടത്തിയത്.
ബസ്സിലെ ഡ്രൈവർ ആംഗ്യം കാണിച്ചാൽ മുന്നിൽ പോകുന്ന വാഹനത്തിലെ യാത്രക്കാർക്ക് കാണാനാകുമെന്ന് പൊലീസ് വ്യക്തമാക്കി. ശനിയാഴ്ച രാത്രി പട്ടം പ്ലാമൂട് മുതൽ പി എം ജി വരെയാണ് സംഭവം പുനരാവിഷ്കരിക്കുന്ന പരിശോധന നടന്നത്.