എംവി ഗോവിന്ദന്‍ മാസ്റ്റർ മന്ത്രിസ്ഥാനം രാജിവെച്ചു; പുതിയ മന്ത്രിയായി എം ബി രാജേഷ്; എ എന്‍ ഷംസീര്‍ സ്പീക്കറാകും

single-img
2 September 2022

എം വി ഗോവിന്ദന്‍ മാസ്റ്റർ സിപിഎം സംസ്ഥാന സെക്രട്ടറിയായ ഒഴിവില്‍ പുതിയ മന്ത്രിയായി എം ബി രാജേഷിനെയും സ്പീക്കറായി എ എന്‍ ഷംസീറിനെയും ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. കണ്ണൂരില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗമാണ് നിലവിൽ എ എന്‍ ഷംസീര്‍.

അനാരോഗ്യം കാരണം കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല നിര്‍വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന്‍ മാസ്റ്റർ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തെത്തിയത്.

എംവി ഗോവിന്ദൻ മാസ്റ്റർ രാജി വെച്ചാൽ പുതിയ മന്ത്രിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് സംസ്ഥാന സെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്തിയാണ് കഴിഞ്ഞ സംസ്ഥാന സമിതി യോഗം പിരിഞ്ഞത്. നിലവിൽ നിയമസഭാ സമ്മേളനം നടക്കുന്നതിനാലായിരുന്നു ഏതാനും ദിവസം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റർ മന്ത്രി സ്ഥാനം രാജിവയ്ക്കാതെ രണ്ടുപദവികളിലും തുടര്‍ന്നത്.