എം ബി രാജേഷ് സ്പീക്കര്‍ പദവി രാജിവെച്ചു
മന്ത്രിയായി ചുമതലയേൽക്കുന്ന സാഹചര്യത്തിൽ എം ബി രാജേഷ് സ്പീക്കര്‍ പദവി രാജിവെച്ചു. ഇന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന് അദ്ദേഹം രാജിക്കത്ത് കൈമാറി. മന്ത്രിസ്ഥാനം രാജിവെച്ച എം വി ഗോവിന്ദന്‍റെ ഒഴിവിലാണ് എം ബി രാജേഷ് മന്ത്രിസഭയിലേക്ക് എത്തുന്നത്.
രാജേഷിന് എക്സൈസ് തദ്ദേശഭരണ വകുപ്പുകൾ ലഭിക്കും. സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും. രണ്ടാം യ്തതുമുന്നണി സർക്കാരിലെ സ്പീക്കർ പദവിയിൽ നിന്നാണ് എം ബി രാജേഷ് മന്ത്രിസഭയിലേക്കെത്തുന്നത്. നേരത്തെ കഴിഞ്ഞ ലോക‍്‍സഭ തെരഞ്ഞെടുപ്പിൽ പാലക്കാട് ലോക‍്‍സഭാ മണ്ഡലത്തിൽ അപ്രതീക്ഷിതമായി പരാജയപ്പെട്ട രാജേഷിനെ പാർട്ടി ഏൽപ്പിച്ച വെല്ലുവിളിയായിരുന്നു തൃത്താലയിലെ സ്ഥാനാർത്ഥിത്വം.
ഒരിക്കൽ കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കുക എന്ന ശ്രമകരമായ ദൗത്യം. ആ ദൗത്യം ഭംഗിയായി തന്നെ അദ്ദേഹം നിർവഹിച്ചു. വി ടി ബൽറാമിനെ മുട്ടുകുത്തിച്ച ആ പ്രകടന മികവിനുള്ള അംഗീകാരമായിരുന്നു സ്പീക്കർ പദവി.