2026ലെ ലോകകപ്പ് കളിക്കാൻ ഉണ്ടാകില്ലെന്ന് സൂചന നൽകി മെസി
ഖത്തറിൽ നടന്നത് തന്റെ അവസാന ലോകകപ്പായിരുന്നെന്ന് അര്‍ജന്‍റീനന്‍ ഇതിഹാസതാരം ലയണൽ മെസി. 2026ൽ നടക്കുന്ന ലോകകപ്പ് കളിക്കാൻ ഉണ്ടാകില്ലെന്ന് സൂചന നൽകി. ചൈന ടിവിയോടായിരുന്നു താരത്തിന്റെ വെളിപ്പെടുത്തിൽ.
യു എസിലെ മേജര്‍ ലീഗ് സോക്കറിലെ ഇന്‍റര്‍ മിയാമിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് ഭാവിയെ കുറിച്ച് താരം വ്യക്തമാക്കിയത്. ‘ ഇനി വരുന്ന ലോകകപ്പില്‍ പങ്കെടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഭാവിയില്‍ എന്താണ് സംഭവിക്കുകയെന്ന് എനിക്കറിയില്ല. പക്ഷേ ഈ തീരുമാനം ഞാന്‍ മാറ്റിയിട്ടില്ല’ മെസി പറഞ്ഞു. ഖത്തറിലെ കിരീടം തന്‍റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണ് എന്നും മെസി പറയുന്നു.
അതേസമയം, ഖത്തർ ലോകകപ്പ് വിജയത്തിന് ശേഷം താൻ കരിയറിൽ തൃപ്തനാണെന്നും തന്റെ അവസാന ലോകകപ്പ് കളിച്ചുകഴിഞ്ഞെന്ന് വിചാരിക്കുന്നതായും മെസി വ്യക്തമാക്കി. ഓസ്‌ട്രേലിയയ്‌ക്കെതിരായ സൗഹൃദമത്സരത്തിനായി അര്‍ജന്റീന ടീമിനൊപ്പം ബെയ്ജിങ്ങിലെത്തിയപ്പോഴാണ് മെസി ഇക്കാര്യം പറഞ്ഞത്.
നാളെ ചൈനീസ് തലസ്ഥാനമായ ബീജിംങ്ങിലെ വര്‍ക്കേഴ്സ് സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെയാണ് മത്സരം. ഖത്തര്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ അര്‍ജന്റീനയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയിരുന്നു. അന്ന് 2-1ന് അര്‍ജന്റീനയാണ് ജയിച്ചത്.