ആദ്യമായി യൂറോപ്പിന് പുറത്തുള്ള ക്ലബ്ബിലേക്ക്; ഇന്റര്‍ മയാമിയുമായി മെസ്സി കരാർ ഒപ്പുവെച്ചു
കരിയറിൽ ആദ്യമായി യൂറോപ്പിന് പുറത്തുള്ള ക്ലബ്ബിനായി മത്സരിക്കുവാൻ തയ്യാറെടുക്കുകയാണ് ഇതിഹാസതാരം ലയണല്‍ മെസ്സി. അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബായ ഇന്റര്‍ മയാമിയുമായിട്ടാണ് മെസ്സി 2025 വരെ കരാർ ഒപ്പുവെച്ചത്.
‘ഇന്റര്‍ മയാമിയിലും യുഎസിലും എന്റെ കരിയറിന്റെ അടുത്ത ഘട്ടം ആരംഭിക്കുന്നതില്‍ ഞാന്‍ വളരെ ആവേശത്തിലാണ്’ എന്നാണ് മെസ്സി ഇതിനോട് പ്രതികരിച്ചത്. അതേസമയം, പത്താം നമ്പര്‍ ജഴ്‌സിയണിഞ്ഞ് നില്‍ക്കുന്ന മെസ്സിയുടെ ചിത്രങ്ങള്‍ ഇന്റര്‍ മയാമിയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
നേരത്തെ ബാഴ്‌സലോണയിലും അര്‍ജന്റീനയുടെ ദേശീയ ടീമിലും മെസ്സിയെ പരിശീലിപ്പിച്ചിട്ടുള്ള ജെറാഡോ മാര്‍ട്ടിനോയാണ് ഇന്റര്‍ മയാമിയുടെ പരിശീലകന്‍. മെസ്സിയുമായുള്ള കരാർ സ്വപ്‌ന സാക്ഷാത്കാരമാണെന്നാണ് ക്ലബ്ബിന്റെ ഉടമകളിലൊരാളായ ഡേവിഡ് ബെക്കാം വിശേഷിപ്പിച്ചത്. മെക്‌സിക്കന്‍ ക്ലബ്ബായ ക്രുസ് അസുലുമായി ഈ മാസം 21നാണ് മെസ്സിയുടെ ഇന്റര്‍ മയാമിയിലെ അരങ്ങേറ്റ മത്സരം നടക്കുക.