ഹാട്രിക്കുമായി മെസ്സി; മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് ബൊളീവിയയെ വീഴ്ത്തി അർജന്റീന
ഏതാനും നാൾ മാത്രം മുമ്പ് വെനസ്വേലയോട് സമനില വഴങ്ങേണ്ടി വന്നതിന്റെ നിരാശ ബൊളീവിയക്ക് മേല്‍ തീര്‍ത്ത് അര്‍ജന്റീന. ലയണല്‍ മെസ്സി ഹാട്രിക് കണ്ടെത്തിയ മത്സരത്തില്‍ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്കാണ് ലോക കപ്പ് യോഗ്യത പോരാട്ടത്തില്‍ ബൊളീവിയയെ പരാജയപ്പെടുത്തിയത്.
സ്വന്തമാക്കിയ ഗോളുകള്‍ക്ക് പുറമെ രണ്ട് അസിസ്റ്റും മെസിയുടെ പേരില്‍ കുറിക്കപ്പെട്ടു. മത്സരത്തിലെ ആദ്യ പകുതിയില്‍ 19-ാം മിനിറ്റിലും പിന്നീട് 84, 86 മിനിറ്റുകളിലുമായിരുന്നു മെസ്സിയുടെ ഗോളുകള്‍. ലൗത്താറോ മാര്‍ട്ടിനെസ്, ജൂലിയന്‍ അല്‍വാരസ്, തിയാഗോ അല്‍മാഡ എന്നിവരും അര്‍ജന്റീനക്ക് വേണ്ടി ഗോളുകള്‍ നേടി. 19-ാം മിനിറ്റില്‍ മെസ്സി തന്നെയാണ് ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. പിന്നാലെ 43-ാം മിനിറ്റില്‍ മാര്‍ട്ടിനെസും ഗോള്‍ നേടി. മെസിയുടേതായിരുന്നു അസിസ്റ്റ്.
ആദ്യ പകുതിയിലെ ഇന്‍ജുറി ടൈമില്‍ മെസിയുടെ തന്നെ അസിസ്റ്റില്‍ ജൂലിയന്‍ അല്‍വാരസും വലകുലുക്കി. സ്കോര്‍ 3-0. അര്‍ജന്റീന ആധികാരികമായി മുന്നിലെത്തി. 69-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസിന് പകരക്കാരനായി എത്തിയ തിയാഗോ അല്‍മാഡയുടെ ഗോള്‍ പിറന്നു.
അവസാന മിനുറ്റുകളില്‍ കളംനിറഞ്ഞ മെസ്സി 84-ാം മിനിറ്റിലും 86-ാം മിനിറ്റിലും വലകുലുക്കിയതോടെ താരം ഹാട്രിക് നേട്ടത്തിലേക്ക്. പത്ത് മത്സരങ്ങളില്‍ നിന്ന് 22 പോയിന്റുകളാണ് അര്‍ജന്റീനക്കുള്ളത്. നവംബര്‍ 15ന് പരാഗ്വായുമായാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം.