മില്‍മ പാല്‍വില ലിറ്ററിന് അഞ്ചു രൂപയിലധികം കൂടും; മന്ത്രി ജെ ചിഞ്ചുറാണി
തിരുവനന്തപുരം: മില്‍മ പാല്‍വില ലിറ്ററിന് അഞ്ചു രൂപയിലധികം കൂട്ടേണ്ടി വരുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി.
വില വര്‍ധന പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചു. കര്‍ഷകരുടെ ഉള്‍പ്പെടെ അഭിപ്രായം തേടി പരിശോധനകള്‍ പൂര്‍ത്തിയായ ശേഷമാകും വില വര്‍ധിപ്പിക്കുക.
വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ചശേഷമാകും തീരുമാനമുണ്ടാകുകയെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞു. ഉത്പാദനച്ചെലവ് വര്‍ധിച്ചതും ക്ഷീരകര്‍ഷകരുടെ ആവശ്യവും കണക്കിലെടുത്താണ് വില വര്‍ധനയെക്കുറിച്ച് ആലോചിക്കുന്നത്.
പാല്‍ വില വര്‍ദ്ധിപ്പിക്കാതെ ഇനിയും മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് മില്‍മ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.കഴിഞ്ഞമാസം ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകള്‍ വില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
2019-ലാണ് ഇതിന് മുന്‍പ് മില്‍മ പാല്‍വില കൂട്ടിയത്. ലിറ്ററിന് നാലുരൂപയാണ് അന്ന് വര്‍ധിപ്പിച്ചത്. പുതിയ വില വര്‍ധന ജനുവരിയോടെ നടപ്പില്‍ വരുത്താനാണ് ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.