മുഖ്യമന്ത്രിക്ക് താനൂരിൽ വരാൻ നിന്റെയെന്നല്ല നിന്റെ കാരണവൻമാരുടെ ഒരു ഓശാരവും ആവശ്യമില്ല; കെ എം ഷാജിക്ക് മറുപടിയുമായി മന്ത്രി വി അബ്ദുറഹ്മാൻ
മുസ്‌ലിം ലീഗിന്റെ സംസ്ഥാന സെക്രട്ടറി കെ എം ഷാജിക്ക് മറുപടിയുമായി മന്ത്രി വി അബ്ദുറഹ്മാൻ. മുഖ്യമന്ത്രിക്ക് താനൂരിലേക്ക് വരാൻ ഷാജിയുടേയോ അദ്ദേഹത്തിന്റെ കാരണവൻമാരുടേയോ അനുവാദം വേണ്ടെന്ന് മന്ത്രി പറഞ്ഞു.
നേരത്തെ മാറാട് കലാപം ഉണ്ടായപ്പോൾ മുഖ്യമന്ത്രിയായ എ കെ ആന്റണിക്കൊപ്പം പോയ പി കെ കുഞ്ഞാലിക്കുട്ടിയെ ആർ എസ്എ സുകാർ തടഞ്ഞു മടക്കി അയച്ചപ്പോൾ എളമരം കരീം ഉൾപ്പെടെയുള്ള മുസ്‌ലിം എം പിമാരെയും കൊണ്ട് മാറാട് സന്ദർശിച്ച നേതാവാണ് പിണറായി വിജയനെന്നും മന്ത്രി ഓർമ്മപ്പെടുത്തി .
ഇപ്പോൾ മുസ്ലിം ലീഗിൽ വളർന്നുവരുന്ന തീവ്രവാദി വിഭാഗത്തിന്റെ നേതാവാണ് ഷാജിയെന്നും അദ്ദേഹം ആരോപിച്ചു.”മുഖ്യമന്ത്രിക്ക് താനൂരിൽ വരാൻ നിന്റെയെന്നല്ല നിന്റെ കാരണവൻമാരുടെ ഒരു ഓശാരവും ആവശ്യമില്ല. വേണമെങ്കിൽ നിന്റെ വീട്ടിൽ പോലും ഞങ്ങൾ കടന്നുകയറും. ഇത് കെ.എം ഷാജി ഓർക്കുന്നത് നല്ലതാണ്. രണ്ടു തവണ നിങ്ങളെ തോൽപ്പിച്ചാണ് താനൂരിൽനിന്ന് നിയമസഭയിലേക്ക് പോയത്.
കഴിഞ്ഞ തവണ യൂത്ത് ലീഗിന്റെ പ്രസിഡന്റിനെ തോൽപ്പിച്ചാണ് സംസ്ഥാന മന്ത്രിസഭയിലെ ഒരു അംഗമായിരിക്കുന്നത്”-മന്ത്രി പറഞ്ഞു.
നേരത്തെ ജില്ലയിലെ പൂരപ്പുഴയിലെ ബോട്ടപകടത്തിന് ശേഷം താനൂർ സന്ദർശിച്ച ഷാജി മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. ബോട്ടപകടത്തിന് ശേഷം മുഖ്യമന്ത്രിക്ക് താനൂരിൽ വരാൻ കഴിഞ്ഞത് ലീഗ് കാണിച്ച മര്യാദയാണെന്നും ദുർബലതയല്ലെന്നുമായിരുന്നു ഷാജി നടത്തിയ പരാമർശം.