മന്ത്രി മുഹമ്മദ് റിയാസിനെ വിമർശിച്ചിട്ടില്ല; വിശദീകരണവുമായി യു പ്രതിഭ എം എൽ എ
സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന് കായംകുളത്തോട് കടുത്ത അവഗണനയെന്നതിൽ വിശദീകരണവുമായി യു പ്രതിഭ എം.എൽ.എ രംഗത്തെത്തി. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ താൻ വിമർശിച്ചിട്ടില്ല. വിമർശിച്ചത് വിനോദ സഞ്ചാര മേഖലയുടെ ജില്ലാ ഏകോപന സമിതിയെയാണ്. എകോപന സമിതിയിലുള്ള എം.എൽ.എമാരുൾപ്പടെയുള്ളവർക്ക് ജില്ലയെ പൊതുവായി പരിഗണിക്കാൻ കഴിയണമെന്നും പ്രതിഭ പറഞ്ഞു.
മന്ത്രി പി.എ മുഹമ്മദ് റിയാസടക്കമുള്ള മന്ത്രിമാരോട് താൻ കായകുളത്തെ വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചിരുന്നു. പക്ഷെ ആരും തിരിഞ്ഞുനോക്കിയില്ല, പകരം അവഗണനായാണ് കായംകുളത്തോട് കാണിക്കുന്നതെന്നുമായിരുന്നു യു പ്രതിഭ എം.എൽ.എ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇത് വാർത്തയാവുകയും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചർച്ചയാവുകയും ചെയ്തതിന് ശേഷമാണ് പ്രതിഭ വിശദീകരണവുമായി രംഗത്ത് വന്നത്.
മുഹമ്മദ് റിയാസ് ടൂറിസം വകുപ്പിന്റെ മന്ത്രിയാകുന്നതിന് മുമ്പ് തന്നെ ഉണ്ടായിരുന്ന പദ്ധതിയാണ് കായംകുളത്തെ മെഗാ ടൂറിസം പദ്ധതി. ഈ പദ്ധതി പരിഗണിക്കുന്നതിന് ഇതിന് മുമ്പുള്ളവരടക്കം താൻ സമീപിച്ചിരുന്നു എന്നാൽ ഇവർ പരിഗമണിച്ചില്ല എന്നിവയടക്കമുള്ള കാര്യങ്ങളാണ് താൻ പറഞ്ഞത്.
വിനോദ സഞ്ചാരത്തിന് ജില്ലയിൽ ഒരു ഏകോപന സമിതിയുണ്ട് ഇതിൽ എല്ലാ എം.എൽ.എമാരും ഇല്ല. എന്നാൽ ഇതിലുള്ള എം.എൽ.എമാർ അവരുടെ മണ്ഡലങ്ങളിലെ കാര്യം മാത്രമാണ് നോക്കുന്നത്. അവർക്ക് ജില്ലയെ മൊത്തത്തിൽ കാണാനുള്ള ബോധമുണ്ടാകണം എന്നതാണ് തന്റെ വിമർശനത്തിന്റെ കാതൽ എന്നാണ് യു പ്രതിഭ വിശദീകരണത്തിൽ പറയുന്നത്.