തദ്ദേശവകുപ്പ് മന്ത്രിയും ജലസേചന മന്ത്രിയും മേയറും ഉത്തരം നൽകണം: വി. മുരളീധരൻ

single-img
18 July 2024

തിരുവനന്തപുരം നഗരത്തിലെ ആമയിഴഞ്ചാന്‍ തോട് ശുചീകരണത്തിനായി അനുവദിച്ച കോടികൾ എന്ത് ചെയ്തുവെന്ന ചോദ്യത്തിന് തദ്ദേശവകുപ്പ് മന്ത്രിയും ജലസേചന മന്ത്രിയും മേയറും ഉത്തരം നൽകണമെന്ന് ബിജെപി നേതാവ് വി മുരളീധരൻ. നഗരസഭാ കാര്യാലയത്തിലേക്ക് ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പന്ത്രണ്ട് കിലോമീറ്റർ നീളം വരുന്ന തോട് വൃത്തിയാക്കാൻ ബജറ്റിൽ നീക്കി വച്ച 12 കോടി എവിടെ പോയി എന്നതിൽ വിശദീകരണം നൽകണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു. ശുചീകരണത്തൊഴിലാളി ജോയിയുടെ മരണത്തിൽ റെയിൽവെയെ പഴിചാരി തടിയൂരാനുള്ള ശ്രമം ജനം പുച്ഛിച്ച് തള്ളുമെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു.മാലിന്യം തടയുന്നതിനായി റെയിൽവേയുടെ പ്രദേശത്തേക്കു കടക്കുന്ന തോടിന്‍റെ ഭാഗത്ത് ഇരുമ്പുവലയും ഇരുമ്പുവേലിയും സ്ഥാപിച്ചിട്ടുണ്ട്. ബാക്കി ഭാഗങ്ങളിൽ നഗരസഭ എന്ത് ചെയ്തു എന്ന് വിശദീകരിക്കണം.

നഗരസഭാ മേയർക്ക് കമ്പം കാറോട്ടത്തിലാണെന്ന് മുരളീധരന്‍ പരിഹസിച്ചു. കാറിന്‍റെ പിന്നിലിരുന്ന് കെഎസ്ആർടിസി ഡ്രൈവറുടെ ആക്ഷൻ കാണുന്ന മേയർ കണ്‍മുന്നിലെ മാലിന്യ കൂമ്പാരം കാണില്ല.
തദ്ദേശവകുപ്പ് മന്ത്രി അന്താരാഷ്ട്ര വിഷയങ്ങളിൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടാൽ മാത്രം പോരാ. സാധാരണക്കാരുടെ വിഷയങ്ങളിൽ പരിഹാരം കണ്ടെത്തണമെന്ന് മുരളീധരന്‍ ഓര്‍മിപ്പിച്ചു.

ക്ഷേമ പെൻഷൻ കൊടുക്കാൻ ഇല്ലാത്ത കാലത്തും കുടുംബസമേതം വിദേശയാത്ര പോയ വ്യക്തിയാണ് എം. ബി. രാജേഷ്. വിനോദസഞ്ചാരം നടത്തി മടങ്ങിയാൽ പോര വിദേശരാജ്യങ്ങളിലെ നഗരപരിപാലനം കൂടി കണ്ണു തുറന്ന് കാണണമെന്നും വി. മുരളീധരൻ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്‍റെ പരാജയങ്ങളുടെ ഉത്തരവാദിത്തം കേന്ദ്രത്തിന് മേല്‍ കെട്ടിവയ്ക്കാനുള്ള നീക്കം ജനം തിരിച്ചറിയുന്നുണ്ട്.. പെൻഷൻ മുടങ്ങിയാലും ആന ഇറങ്ങിയാലും മാലിന്യ സംസ്കരണം പിഴച്ചാലും കുറ്റം മോദിക്ക് എന്നതാണ് സംസ്ഥാന മന്ത്രിമാരുടെ നിലപാട്. പിണറായി വിജയൻ്റെ ദുർഭരണത്തെ എന്നെന്നേക്കുമായി കേരളം തൂത്തെറിയുന്ന കാലം അകലെയല്ലെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.