കേരളത്തിലെ പൊതുമരാമത്ത് റോഡുകളില്‍ ഭൂരിഭാഗവും നല്ല റോഡുകൾ; പത്തില്‍ ഒരെണ്ണം മാത്രമേ പ്രശ്നമുള്ളൂ: മന്ത്രി പി എ മുഹമ്മദ് റിയാസ്

single-img
8 October 2022

കാസർകോട് ജില്ലയില്‍ നിന്നാരംഭിക്കുന്ന മലയോര ഹൈവേ 121 കിലോമീറ്ററില്‍ 78 കിലോമീറ്റര്‍ പൂര്‍ത്തിയായതായും പ്രവര്‍ത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ഇടപെടുമെന്നും പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് . കാര്‍ഷിക മേഖലക്ക് ഉള്‍പ്പെടെ ഗുണം കിട്ടുന്ന സ്വപ്ന പദ്ധതിയാണ് മലയോര ഹൈവേ. ചില സ്ഥലങ്ങളില്‍ വനംവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ട്. അത് വനംവകുപ്പ് മന്ത്രിയുമായി ചര്‍ച്ച ചെയ്ത് പരിഹരിച്ച് സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കും. ജില്ലയിലെ വിവിധ പൊതുമരാമത്ത് പ്രവര്‍ത്തികള്‍ മന്ത്രി അവലോകനം ചെയ്തു.

ഉദ്യോഗസ്ഥര്‍ റോഡ് പ്രവര്‍ത്തി നടക്കുന്ന സ്ഥലങ്ങളിലേക്ക് കുറച്ചുകൂടി കാര്യക്ഷമമായി ഇറങ്ങണം. കാലാവസ്ഥാ വ്യതിയാനമടക്കമുള്ള പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചേ മതിയാകൂ. കേരളത്തിലെ പൊതുമരാമത്ത് റോഡുകളില്‍ ഭൂരിഭാഗവും നല്ല റോഡുകളാണെന്നും പത്തില്‍ ഒരെണ്ണം മാത്രമേ പ്രശ്നമുള്ളൂ എന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും അലംഭാവമാണ് അതിന് കാരണം. ജില്ലയിലെ കെ.ആര്‍.എഫ്.ബി പ്രവര്‍ത്തികളില്‍ കുറെക്കൂടി ജാഗ്രത ഉണ്ടാകണം.

പ്രവര്‍ത്തി സ്ഥലങ്ങളില്‍ പോയി ജോലി ചെയ്യുന്നവര്‍ മാത്രമേ സ്ഥാനങ്ങളില്‍ ഇരിക്കേണ്ടതുള്ളൂ. അടുത്ത മഴക്കാലത്തിന് മുമ്പ് പൂര്‍ത്തീകരിക്കേണ്ട പ്രവര്‍ത്തികള്‍ നിശ്ചയിച്ചിട്ടുണ്ട്. അതിനാല്‍ ഉദ്യോഗസ്ഥര്‍ ഓഫീസുകളില്‍ നിന്നിറങ്ങിയേ മതിയാകൂ. സൂപ്രണ്ടിങ് എന്‍ജിനീയര്‍ മുതലുള്ളവര്‍ ചുമതലയുള്ള റോഡുകളില്‍ ഇറങ്ങി പരിശോധിച്ച് വേണം റിപ്പോര്‍ട്ട് നല്‍കാന്‍. നല്ല ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്നും അല്ലാത്തവരെ തിരുത്തുമെന്നും മന്ത്രി പറഞ്ഞു. ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റാതെ അലസരായി മുന്നോട്ട് പോകുന്നത് ഗുണകരമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.