കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ച് കയറിയ കരാര്‍ ഡ്രൈവറെ പിരിച്ചുവിടുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
തിരുവനന്തപുരം: കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ച് കയറിയ കരാര്‍ ഡ്രൈവറെ പിരിച്ചുവിടുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.
ഏജന്‍സി നല്‍കിയ കരാര്‍ ജീവനക്കാരനാണ് ഇന്നലെ അറസ്റ്റിലായ മലയിന്‍കീഴ് സ്വദേശി സന്തോഷ് എന്നാണ് മന്ത്രിയുടെ വിശദീകരണം. വിഷയം അറിഞ്ഞപ്പോള്‍ തന്നെ പിഎസുമായി സംസാരിച്ചുവെന്നും ഇയാളെ അടിയന്തരമായി ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചെന്നും റോഷി അഗസ്റ്റിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
തന്‍റെ സ്റ്റാഫില്‍ ഉള്‍പ്പെട്ട ആളല്ല അറസ്റ്റിലായതെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. പ്രൈവറ്റ് സെക്രട്ടറിക്ക് അനുവദിച്ചിരിക്കുന്ന വാട്ടര്‍ അതോറിറ്റിയുടെ വാഹനത്തിന്റെ കരാര്‍ ജീവനക്കാരനാണ്. വാട്ടര്‍ അതോറിറ്റിയില്‍ പുറം കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കാരെ നല്‍കുന്ന ഏജന്‍സിയുടെ ജീവനക്കാരനാണ് ഇയാള്‍. ആരോപണ വിധേയനായ ഡ്രൈവര്‍ക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കാന്‍ ഏജന്‍സിക്ക് നിര്‍ദേശം നല്‍കണമെന്ന് വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതിയെ പിടികൂടിയ പൊലീസിന് അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ച് കയറിയ കേസില്‍ അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ മലയിന്‍കീഴ് സ്വദേശി സന്തോഷാണ് ഇന്നലെ അറസ്റ്റിലായത്. വാട്ടര്‍ അതോറിറ്റിയിലെ താത്കാലിക ഡ്രൈവറായ ഇയാള്‍ കുറ്റംകൃത്യം ചെയ്യുന്ന സമയത്ത് ഉപയോഗിച്ചരിരുന്നത് ജലവിഭവ പ്രിന്‍സിപ്പിള്‍ സെക്രട്ടറിയുടെ പേരില്‍ അനുവദിച്ച ഇന്നോവാ കാറായിരുന്നു. ഈ വാഹനവും ഇന്ന് പേരൂര്‍ക്കട പൊലീസ് കസ്റ്റഡിയില്‍ എടുത്തേക്കും.