ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിൽ ഇഡി അറസ്റ്റ് ചെയ്ത മന്ത്രി സെന്തിൽ ബാലാജിയുടെ വകുപ്പുകള്‍ എടുത്തുമാറ്റി

single-img
15 June 2023

ചെന്നൈ: ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിൽ ഇഡി അറസ്റ്റ് ചെയ്ത മന്ത്രി സെന്തിൽ ബാലാജിയുടെ വകുപ്പുകള്‍ എടുത്തുമാറ്റി. ബാലാജിയുടെ വകുപ്പ് തങ്കം തേനരാശിനും മുത്തു സ്വാമിക്കുമായി നല്‍കും. വൈദ്യുതി വകുപ്പ് ധനമന്ത്രി തങ്കം തെന്നരസുവിന് കൈമാറി. പ്രൊഹിബിഷൻ ആന്റ് എക്സൈസ് വകുപ്പ് ഭവന മന്ത്രി മുത്തുസ്വാമിക്കും കൈമാറി. അതേസമയം ബാലാജിയെ പുറത്താക്കില്ലെന്നും വകുപ്പില്ല മന്ത്രി ആക്കാനാണ് സാധ്യതയെന്നുമാണ് വിവരം.

സെന്തിൽ  ബാലാജിക്കെതിരെ പിടി മുറുക്കുകയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. സെന്തിൽ ബാലാജിക്കെതിരെ ബെനാമി സ്വത്തിന് തെളിവുണ്ടെന്ന് ഇഡിയുടെ കസ്റ്റഡി അപേക്ഷ പറയുന്നു. 25 കോടി വിലയുള്ള ഭൂമി ബന്ധുവിന്‍റെ പേരില്‍ സ്വന്തമാക്കിയെന്നും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദാനത്തിന് തെളിവുണ്ടെന്നും ഇഡി അവകാശപ്പെടുന്നു. 3.75 ഏക്കര്‍ ഭൂമിയുടെ ബെനാമി ഇടപാടാണ് നടന്നത് എന്നാണ് ഇഡിയുടെ കണ്ടെത്തല്‍. 

അതേസമയം, ബിജെപിയെ വെല്ലുവിളിച്ച് സ്റ്റാലിൻ രംഗത്തെത്തി. ധൈര്യം ഉണ്ടെങ്കിൽ നേർക്കുനേർ വരണമെന്ന് എംകെ സ്റ്റാലിൻ പറഞ്ഞു. ഞങ്ങൾ തിരിച്ചടിച്ചാൽ നിങ്ങൾ താങ്ങില്ല. ഡിഎംകെയുടെ പോരാട്ട ചരിത്രം പഠിയ്ക്കണം. ചരിത്രം അറിയില്ലെങ്കിൽ ദില്ലിയിലെ മുതി‍ർന്ന നേതാക്കളോട് ചോദിക്കൂ. ഇത് ഭീഷണി അല്ല, മുന്നറിയിപ്പാണെന്നും സ്റ്റാലിൻ പറഞ്ഞു.

അതേസമയം, ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിക്ക് ജാമ്യം കിട്ടുമോ എന്ന് ഇന്നറിയാം. ബാലാജിയുടെ ജാമ്യാപേക്ഷ ചെന്നൈ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ബൈപാസ് ശസ്ത്രക്രിയക്കായി ബാലാജിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാണമെന്ന അപേക്ഷയും പരിഗണിക്കും.