ഈ മാതൃകയെ അഭിനന്ദിക്കുന്നു; മനുഷ്യനേ തെറ്റ് പറ്റുകയുള്ളൂ; മമ്മൂട്ടിയെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി
പുതിയ സിനിമയുടെ പ്രമോഷൻ ചടങ്ങിൽ സംവിധായകൻ ജൂഡ് ആന്റണിയെ പുകഴ്ത്തിയപ്പോൾ ഉണ്ടായ ബോഡി ഷെയ്മിംഗ് പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച നടൻ മമ്മൂട്ടിയെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. മമ്മൂട്ടിയുടെ മാതൃകയെ അഭിനന്ദിക്കുന്നതായും ബോഡി ഷെയ്മിംഗ് സംസ്കാരത്തെ തുടച്ചു നീക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ എഴുതി.
സംസ്ഥാനത്തുണ്ടായ പ്രളയത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ‘2018’ എന്ന സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിനിടെയാണ് സംവിധായകൻ ജൂഡ് ആന്റണിയെക്കുറിച്ച് നടൻ മമ്മൂട്ടി വിവാദ പരാമർശം നടത്തിയത്.
‘ഈ മാതൃകയെ അഭിനന്ദിക്കുന്നു.. മനുഷ്യനേ തെറ്റ് പറ്റുകയുള്ളൂ, മനുഷ്യനേ അത് തിരുത്താനും ആകുകയുള്ളൂ.. “ബോഡി ഷെയ്മിംഗ്” സംസ്കാരത്തെ നമ്മൾ തുടച്ചു നീക്കുക തന്നെ വേണം..’-മന്ത്രി ഫേസ്ബുക്കിൽ എഴുതി.
സംവിധായകനായ ‘ജൂഡ് ആന്റണിയുടെ തലയിൽ കുറച്ചു മുടി കുറവാണന്നേയുള്ളൂ, ബുദ്ധിയുണ്ട്’ എന്നു മമ്മൂട്ടി പറഞ്ഞതു വിവാദമാവുകയും ചർച്ച ഉയരുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നായിരുന്നു താരം മാപ്പ് പറഞ്ഞത്.