സത്യം പുറത്ത് വന്നിട്ട് വീണ്ടും കാണാം; നിയമന കോഴ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി വീണാ ജോർജ്
തന്റെ പേഴ്സണൽ സ്റ്റാഫിനെതിരെ ഉയർന്ന കൈക്കൂലി ആരോപണത്തിൽ മാധ്യമങ്ങളോട് പ്രതികരണവുമായി സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ്. പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും സത്യം പുറത്ത് വരട്ടെയെന്നും സത്യം പുറത്ത് വന്നതിന് ശേഷം വീണ്ടും കാണാമെന്നും മന്ത്രി വീണ ജോർജ് പ്രതികരിച്ചു.
അതേസമയം, ജോലിക്ക് കൈക്കൂലി വാങ്ങിയ വിവാദത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ആരോപണം പുറത്ത് വന്ന സമയത്തും നിലപാടെടുത്തിരുന്നു. സെപ്തംബർ 13 ന് പരാതി ലഭിച്ചുവെന്നും അതിൽ പേഴ്സണൽ സ്റ്റാഫംഗം അഖിൽ മാത്യുവിനോട് വിശദീകരണം തേടിയെന്നുമായിരുന്നു മന്ത്രിയുടെ ആദ്യപ്രതികരണം.
അഖിൽ മാത്യുവിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ആരോപണം അടിസ്ഥാനമില്ലാത്തതെന്നും മന്ത്രി വസ്തുതകൾ നിരത്തി വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ പരാതി പൊലീസിന് കൈമാറിയിരുന്നുവെന്നും. മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഇക്കാര്യം അറിയിച്ചുവെന്നും സെപ്തംബർ 20 നാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ പരാതി അറിയിച്ചതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.