മന്ത്രി വീണാ ജോര്‍ജിന്റെ പ്രതികരണം മാധ്യമങ്ങള്‍ വളച്ചൊടിച്ചു: എം വി ഗോവിന്ദന്‍ മാസ്റ്റർ
ജോലിക്കിടയിൽ സംഭവിച്ച ഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലപാകതത്തിന് തൊട്ടുപിന്നാലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ പ്രതികരണം ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ . ചില മാധ്യമങ്ങള്‍ സര്‍ക്കാരിനും മന്ത്രിക്കുമെതിരെ ക്യാമ്പയ്ന്‍ നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വളരെ മനുഷ്യത്വ രഹിതമായ പ്രവര്‍ത്തിയാണ് മാധ്യമങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഒരു യുവതിയുടെ മരണത്തില്‍ നാട് വിറങ്ങലിച്ച് നില്‍ക്കുമ്പോഴാണ് മാധ്യമങ്ങളുടെ ഭാഗത്ത് നിന്നും ഇത്തരം സമീപനം ഉണ്ടാകുന്നതെന്നും ഗോവിന്ദന്‍മാസ്റ്റർ പറഞ്ഞു.
അതേസമയം, കേരളത്തിൽ കെ റെയില്‍ വരുമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റർ ആവര്‍ത്തിച്ചു. കെ റെയിലിന് ജനങ്ങൾക്കിടയിൽ അംഗികാരം വര്‍ധിച്ച് വരുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ റെയിലിന് ബദലല്ല വന്ദേ ഭാരത്. കെ റെയിലില്‍ 20 മിനിറ്റ് ഇടവിട്ട് ട്രെയിനുകള്‍ ഓരോ ഭാഗത്തേക്കും ഓടും. ഒരു വണ്ടി രാവിലെ പുറപ്പെട്ട് വൈകിട്ട് തിരിച്ചെത്തിയിട്ട് എന്താണ് കാര്യമെന്ന് ചോദിച്ച എം വി ഗോവിന്ദന്‍ മാസ്റ്റർ വന്ദേ ഭാരത് കൊണ്ട് ആളുകള്‍ക്ക് ഉപകാരമില്ലെന്നും കൂട്ടിച്ചേർത്തു.