അർജുൻ രക്ഷാ ദൗത്യം; മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും ഷിരൂരിലേക്ക്
26 July 2024
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ പതിനൊന്നാം ദിവസത്തിലേക്ക് കടന്നു. പ്രദേശത്തെ രക്ഷാ ദൗത്യ സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും ഷിരൂരിരിൽ എത്തി ക്യാമ്പ് ചെയ്യും.
ദൗത്യ സംഘത്തിന്റെ തെരച്ചിലിന് സാധ്യമായതെല്ലാം ചെയ്യുമെന്നും അർജുനെ കണ്ടെത്തുംവരെ തെരച്ചിൽ നടത്താൻ കേരളാ സർക്കാർ സമ്മർദം ചെലുത്തുമെന്നും മുഹമ്മദ് റിയാസ് അറിയിച്ചു . അതേസമയം, പ്രദേശത്തു ഇപ്പോഴും ശക്തമായ മഴ തുടരുന്നതിനാൽ നദിയിൽ ശക്തമായ അടിയോഴുക്കുണ്ട്. ഇത് കുറയാൻ കാത്തിരിക്കണമെന്നും മറ്റ് വഴികൾ ഇല്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കിയിരുന്നു.