ദൈവത്തിനോട് നന്ദി പറയുന്നു; മിന്നു മണിക്ക് കൊച്ചിയില്‍ ലഭിച്ചത് വന്‍ വരവേല്‍പ്പ്
ഇന്ത്യൻ വനിതാ ക്രിക്കറ്റില്‍ അരങ്ങേറിയ കേരളത്തിന്റെ അഭിമാനമായ മിന്നു മണിക്ക് കൊച്ചിയില്‍ ലഭിച്ചത് വന്‍ വരവേല്‍പ്പ്. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ മിന്നുവിനെ ആരാധകർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. ബംഗ്ലാദേശ് പര്യടനത്തിൽ നടത്താനായി മികച്ച പ്രകടത്തില്‍ സന്തോഷമെന്ന് മിന്നു മണി പ്രതികരിച്ചു. ദൈവത്തിനും ക്രിക്കറ്റ് അസോസിയേഷനും മിന്നു നന്ദി പറഞ്ഞു. രണ്ടാം ടി-20 പരമ്പരയില്‍ തിളങ്ങിയ മിന്നു അഞ്ച് വിക്കറ്റ് നേടിയിരുന്നു.
‘രണ്ട് ദിവസം കഴിഞ്ഞാണ് ഞാൻ വയനാട്ടിലേക്ക് പോകുക. വളരെ സന്തോഷമുണ്ട്. ദൈവത്തിനോട് നന്ദി പറയുന്നു. എന്നെ നിങ്ങളുടെ മുന്നില്‍ ഇങ്ങനെ നില്‍ക്കാന്‍ പ്രാപ്തയാക്കിയ കേരള ക്രിക്കറ്റ് അസോസിയേഷന്‍, വയനാട് ക്രിക്കറ്റ് അസോ, കേരള ക്രിക്കറ്റ് അക്കാദമി തുടങ്ങിയവരോടും നന്ദി’. മിന്നു മാധ്യമങ്ങളോട് പറഞ്ഞു.
മത്സരങ്ങളിൽ ബൗളിംഗിലാണ് നല്ല അവസരം കിട്ടിയത്. ഒരു ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ കിട്ടിയ അവസരം നന്നായി പ്രയോജനപ്പെടുത്താൻ സാധിച്ചു. അവസാന പ്ലേയിംഗ് ഇലവനില്‍ ഉണ്ടെന്ന് തന്നെ അറിഞ്ഞത് ആദ്യമാച്ചിന്റെ ദിവസമാണെന്നും തന്നെ ടീമിലെ സഹതാരങ്ങളെല്ലാം നന്നായി പിന്തുണച്ചെന്നും മിന്നു മണി കൂട്ടിച്ചേർത്തു.