അരങ്ങേറ്റത്തിലെ ആദ്യ ഓവറിൽ വിക്കറ്റ് നേടി മിന്നു; അര്‍ദ്ധ സെഞ്ച്വറി നേടി ഹര്‍മന്‍പ്രീത്; ബംഗ്ളാദേശിനെതിരെ ഇന്ത്യയ്ക്ക് വിജയം

single-img
9 July 2023

ഇന്ന് നടന്ന ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച ജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ്എടുത്ത 115 റണ്‍സ് വിജയലക്ഷ്യം വെറും 16.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യന്‍ വനിതകള്‍ മറികടന്നു.

ഏഴുവിക്കറ്റിന്റെ ഉജ്ജ്വല വിജയം നേടിയ ടീമിനായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതാണ് ടോപ് സ്‌കോറര്‍. 35 ബോള്‍ നേരിട്ട താരം 2 സിക്‌സിന്റെയും 6 ഫോറിന്റെയും അകമ്പടിയില്‍ 54* റണ്‍സെടുത്തു. സ്മൃതി മന്ദാന 38 റണ്‍സെടുത്തും മികച്ചുനിന്നു. അതേസമയം, ഇന്ത്യൻ ടീമിൽ ഇന്ന് രങ്ങേറ്റം നടത്തിയ മലയാളി താരം മിന്നു മണിക്കും മികച്ച തുടക്കമായി. മത്സരത്തിൽ തന്റെ ആദ്യ ഓവറിലെ നാലാം പന്തില്‍ മിന്നു വിക്കറ്റ് സ്വന്തമാക്കി.

ബംഗ്ലാദേശ് ഓപ്പണറായ ഷമീമ സുല്‍ത്താനയെയാണ് മിന്നു മടക്കിയത്. പ്രതിരോധിക്കാൻ ശ്രമിച്ച സുല്‍ത്താനയെ മിന്നുവിന്റെ പന്തില്‍ ജെമീമ റോഡ്രിഗസ് പിടികൂടുകയായിരുന്നു. ഈ മത്സരത്തില്‍ മൂന്ന് ഓവര്‍ എറിഞ്ഞ മിന്നു 21 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ഇന്ത്യയ്ക്ക് വേണ്ടി വനിതാ ക്രിക്കറ്റ് ടീമില്‍ കളിക്കുന്ന ആദ്യ കേരള താരമാണ് മിന്നു മണി. ഇടംകൈ ബാറ്ററും വലംകൈ സ്പിന്നറുമായ മിന്നു, ടീമിലെ പ്രധാന ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ്.