ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ; തായ്‌വാനിൽ മിസൈൽ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന ഉദ്യോഗസ്ഥൻ മരണപ്പെട്ടു
തായ്‌വാനിലെ മിസൈൽ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന ഒരു ഉന്നത ഉദ്യോഗസ്ഥൻ ശനിയാഴ്ച ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ മൂലം മരിച്ചുവെന്ന് അദ്ദേഹം ജോലി ചെയ്തിരുന്ന സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ചൈന ഈ സ്വയം ഭരണ ദ്വീപിന് ചുറ്റും വൻ സൈനിക അഭ്യാസങ്ങൾ നടത്തുമ്പോഴാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
തായ്‌വാൻ നാഷണൽ ചുങ്-ഷാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ വൈസ് പ്രസിഡന്റായിരുന്നു ഒയാങ് ലി-ഹ്‌സിംഗ്, ബിസിനസ്സിനുവേണ്ടി ദ്വീപിന്റെ തെക്ക് ഭാഗത്തേക്ക് പോയിരുന്നുവെന്ന് തായ്‌വാനിലെ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച രാവിലെ പിംഗ്ടംഗ് കൗണ്ടിയിലെ ഹെങ്‌ചുനിലെ ഒരു ഹോട്ടലിൽ ഒയാങ്ങിനെ അബോധാവസ്ഥയിൽ കണ്ടെത്തിയതായി ഇൻസ്റ്റിറ്റ്യൂട്ട് അതിന്റെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ സ്ഥിരീകരിച്ചു.
ഫോറൻസിക് പരിശോധനയിൽ മയോകാർഡിയൽ ഇൻഫ്രാക്ഷൻ, ആൻജീന പെക്റ്റോറിസ് എന്നിവയാണ് മരണകാരണം എന്ന് കണ്ടെത്തി. ഈ വർഷം ആദ്യം ഒയാങ് തന്റെ സ്ഥാനം ഏറ്റെടുക്കുകയും വിവിധ തരം മിസൈലുകളുടെ നിർമ്മാണ മേൽനോട്ടം വഹിക്കുകയും ചെയ്തു, സിഎൻഎ പറഞ്ഞു.
യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനം ചൈനീസ് സർക്കാരിനെ പ്രകോപിപ്പിച്ചതിന് ശേഷം ഡെമോക്രാറ്റിക് ദ്വീപിൽ ഉപരോധവും ആത്യന്തിക അധിനിവേശവും ലക്ഷ്യമിട്ടുള്ള അഭ്യാസങ്ങളുമായി ബീജിംഗ് മുന്നോട്ട് പോകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ മരണം.
പരിശീലനത്തിൽ തായ്‌വാനിലെ പ്രധാന ദ്വീപിന് മുകളിലൂടെ ബെയ്ജിംഗ് നിരവധി മിസൈലുകൾ പറത്തിയതായി ചൈനീസ് സ്റ്റേറ്റ് മീഡിയ വെള്ളിയാഴ്ച പറഞ്ഞു. ചൈന ഉയർത്തുന്ന സൈനിക ഭീഷണിയുടെ പശ്ചാത്തലത്തിൽ സ്വന്തം മിസൈൽ നിർമ്മാണം ത്വരിതപ്പെടുത്താനാണ് ദ്വീപ് സർക്കാർ ശ്രമിക്കുന്നത്.