സ്വര്‍ണ കള്ളക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച്‌ എംപിയുടെ മകനെ വിവസ്ത്രനാക്കി പരിശോധിച്ച്‌ കസ്റ്റംസ്

single-img
6 November 2022

സ്വര്‍ണ കള്ളക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച്‌ എംപിയുടെ മകനെ വിവസ്ത്രനാക്കി പരിശോധിച്ച്‌ കസ്റ്റംസ്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ രാജ്യസഭാ എംപി അബ്ദുല്‍ വഹാബ് എംപിയുടെ മകനാണ് ദുരനുഭവമുണ്ടായത്. എംപിയുടെ മകനാണെന്നു സ്ഥിരീകരിച്ചിട്ടും മജിസ്ട്രേട്ടിന്റെ അനുമതിയില്ലാതെ ആശുപത്രിയില്‍ കൊണ്ടുപോയി എക്സ്റേ പരിശോധന നടത്തുകയായിരുന്നു. അബ്ദുല്‍ വഹാബ് എംപി കസ്റ്റംസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എംപി കേന്ദ്ര സര്‍ക്കാരിനും പരാതി നല്‍കിയിട്ടുണ്ട്.

നവംബര്‍ ഒന്നിന് ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തിലാണ് എംപിയുടെ മകന്‍ തിരുവനന്തപുരത്ത് എത്തിയത്. താന്‍ എംപിയുടെ മകനാണെന്നു പറഞ്ഞെങ്കിലും അധികൃതര്‍ വിശ്വസിച്ചില്ല. തടഞ്ഞുവച്ച വിവരം യാത്രക്കാരന്‍ ബന്ധുക്കളെ അറിയിച്ചതോടെ അവര്‍ കസ്റ്റംസുകാരോടു സംസാരിച്ചു. അതിനിടെ സ്വര്‍ണം തേടിയുള്ള ദേഹപരിശോധന ഏറെക്കുറെ പൂര്‍ത്തിയായിരുന്നു. തുടര്‍ന്നു ശരീരത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള എക്സറേ പരിശോധനയ്ക്കായി ആശുപത്രിയിലേക്കു കൊണ്ടു പോയി. തുടര്‍ന്ന് കുറ്റക്കാരനല്ല എന്നു കണ്ടെത്തിയതോടെ പോകാന്‍ അനുവദിക്കുകയായിരുന്നു.

ഇതേ പേരിലുള്ള മറ്റൊരു യാത്രക്കാരനെ ലക്ഷ്യമിട്ടു നടത്തിയ പരിശോധന ആയിരുന്നു ഇതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എക്സ്റേ പരിശോധനക്ക് യാത്രക്കാരന്റെ അനുമതിയോ മജിസ്ട്രേറ്റിന്റെ അനുമതിയെ വേണമെന്നാണ് നിയമം. എന്നാല്‍ ഇതൊന്നും പാലിച്ചില്ലെന്നും കസ്റ്റംസിനെതിരെ ആരോപണമുയര്‍ന്നു.