തട്ടിപ്പ് നടത്തിയിട്ടില്ലെങ്കിൽ മാനനഷ്ട കേസ് ഫയൽ ചെയ്യാൻ എംഎൽഎ തയ്യാറാകണം;മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ


കൊച്ചി: വാചക കസർത്ത് നടത്തി തനിക്കെതിരായ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് മാത്യു കുഴൽനാടൻ ശ്രമിക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. മൂവാറ്റുപുഴയിൽ എംഎൽഎ ഓഫീസിന് മുന്നിലേക്ക് മാത്യു കുഴൽനാടന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തട്ടിപ്പ് നടത്തിയിട്ടില്ലെങ്കിൽ മാനനഷ്ട കേസ് ഫയൽ ചെയ്യാൻ എംഎൽഎ തയ്യാറാകണം. എന്തുകൊണ്ടാണ് അതിന് തയ്യാറാകാത്തതെന്നും അദ്ദേഹം ചോദിച്ചു.
വീട് നിർമാണത്തിനും കൃഷിക്കും മാത്രം ഉപയോഗപ്പെടുത്തേണ്ട സ്ഥലത്താണ് മാത്യു കുഴൽനാടൻ റിസോർട്ട് നിർമ്മിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പട്ടയ വ്യവസ്ഥയിൽ ലംഘനം നടത്തിയാൽ സംസ്ഥാന സർക്കാറിന് ഭൂമി കണ്ടെടുക്കാമെന്ന് കേരളാ ഹൈക്കോടതി വിധിയുള്ളതാണ്. മാത്യു കുഴൽനാടന്റെ നികുതിവെട്ടിപ്പിലടക്കം ശക്തമായ സമരവുമായി ഡിവൈഎഫ്ഐ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.