ഹിമാചലിൽ ജയിച്ച എംഎല്‍എമാരെ കോണ്‍ഗ്രസ് റിസോര്‍ട്ടിലേക്ക് മാറ്റുന്നു
ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരവേ ജയിച്ച എംഎല്‍എമാരെ കോണ്‍ഗ്രസ് റിസോര്‍ട്ടിലേക്ക് മാറ്റുന്നുവെന്ന് റിപ്പോര്‍ട്ട്. നിലവിൽ സംസ്ഥാനത്തിൽ കേവലഭൂരിപക്ഷം കടന്ന് ലീഡ് നിലനിര്‍ത്തുകയാണ് കോണ്‍ഗ്രസ്.
വിജയിച്ച ശേഷം എംഎല്‍എമാരെയെല്ലാം പാര്‍ട്ടിക്കൊപ്പം നിലനിര്‍ത്താന്‍ മുതിര്‍ന്ന നേതാക്കളെയാണ് പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്. നിലവിൽ എംഎല്‍എമാരെ ഛണ്ഡീഗഡ് വഴി രാജസ്ഥാനിലേക്ക് മാറ്റുമെന്നാണ് വിവരം. പ്രിയങ്കാ ഗാന്ധിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ബിജെപിയുടെ ‘ഓപ്പറഷേന്‍ താമര’ ചെറുക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നത്.
ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനും മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സിങിനുമാണ് എംഎല്‍എമാരെ മാറ്റുന്ന ചുമതല നല്‍കിയിരിക്കുന്നത്. സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ശുക്ല ജയിച്ച എംഎല്‍എമാരെയെല്ലാം നേരിട്ട് വിളിച്ച് സംസാരിക്കുകയാണെന്നും വിവരമുണ്ട്.ഒടുവിലെ വിവരങ്ങൾ പ്രകാരം 68 അംഗ നിയമസഭയില്‍ 40 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്.